നഗരസഭ കൗൺസിലർക്കെതിരെ കേസ്: രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം
1339551
Sunday, October 1, 2023 1:51 AM IST
ഒറ്റപ്പാലം: അർബുദ ബാധിതയായ വയോധികയ്ക്ക് ആരോഗ്യ സാക്ഷ്യപത്രത്തിന് ശ്രമിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിനെതിരെ കൗൺസിലർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാധയുടെ പരാതിയിലാണ് ബി ജെ പിയുടെ പതിനാറാം വാർഡ് ആപ്പേപ്പുറം കൗൺസിലർ പ്രസീതക്കെതിരെ പോലീസ് കേസെടുത്തത്.കൗൺസിലർ ഒളിവിലാണെന്നാണ് സൂചന.
അർബുദ രോഗിയായ പാലപ്പുറം സ്വദേശി ആരോഗ്യ സാക്ഷ്യപത്രത്തിനായി ഒറ്റപ്പാലം ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് സാക്ഷ്യപത്രം നല്കിയില്ലെന്നാണ് പരാതി. തുടർന്ന് ഇക്കഴിഞ്ഞ 21ന് ആ വാർഡിലെ കൗൺസിലറായ പ്രസീത സാക്ഷ്യപത്രത്തിനായി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെ സമീപിച്ചു.
രോഗി നേരിട്ടു വന്നില്ലെന്ന കാരണത്താൻ ഡോക്ടർ സാക്ഷ്യപത്രം നൽകിയില്ലെന്ന് ആരോപിച്ച് കൗൺസിലർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കി.വിഷയത്തിൽ സബ് കളക്ടറുടെ അന്വേഷണം നടക്കുന്നതിനിടെയാണ് ഡോക്ടർ, കൗൺസിലർക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പരാതിയെന്ന് ഒറ്റപ്പാലം പോലീസ് പറഞ്ഞു. രോഗിയെ കൊണ്ടുവരാതെ സാക്ഷ്യപത്രം നൽകാൻ കൗൺസിലർ നിർബന്ധിച്ചെന്ന് ഡോക്ടർ പരാതിയിൽ പറയുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാഷ്ട്രീയ പ്രേരിതമായ കേസാണ് ഇതൊന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ബിജെപി നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു.