പനമണ്ണയിലെ കർഷകർക്കു തിരിച്ചടി, മത്തനും തണ്ണിമത്തനും കൊടുംചൂടിൽ നശിച്ചു
1416830
Wednesday, April 17, 2024 1:53 AM IST
ഒറ്റപ്പാലം: മത്തനും, തണ്ണിമത്തനും വാടിക്കരിഞ്ഞു. പനമണ്ണയിൽ കർഷകവിലാപം. കൊടുംചൂടിൽ മത്തൻ കൃഷി വ്യാപകമായി നശിച്ച സങ്കടത്തിലാണ് പനമണ്ണയിലെ കർഷകർ.
കനത്ത നഷ്ടമാണ് ഇവർ നേരിടുന്നത്. വിഷു വിപണി ലക്ഷ്യം വെച്ചിരുന്ന കൃഷിയാണ് നശിച്ചത്. കുത്തനെ ഉയർന്ന വേനൽച്ചൂടിൽ വെന്തുരുകിയ സ്ഥിതിയിലാണ് മത്തൻകൃഷി.
പനമണ്ണ പള്ളത്ത്പടി പച്ചക്കറി ഉത്പാദക സംഘത്തിലെ കർഷകരുടെ വിളവാണു ചൂടേറ്റു വ്യാപകമായി നശിച്ചത്. പ്രദേശത്തെ ഒരേക്കറിലാണു മത്തൻ കൃഷി. വേനൽച്ചൂടിന്റെ കാഠിന്യത്തിൽ മൂപ്പാകും മുന്പു വ്യാപകമായി മത്തൻ അളിഞ്ഞു നശിക്കുകയായിരുന്നു.
ഏകദേശം 3500 മുതൽ 5500 കിലോ വരെ മത്തൻ വിപണിയിലെത്തിക്കാമെന്നായിരുന്നു ഇത്തവണ കർഷകരുടെ പ്രതീക്ഷ.
കഴിഞ്ഞ വർഷം ഏകദേശം 3000 കിലോ മത്തൻ വിളവെടുത്തിരുന്നു.
ചൂട് ഇത്തവണ 40 ഡിഗ്രിയും പിന്നിട്ടു മുകളിലേക്കുയർന്നതാണു വൻ വിളനാശത്തിലേക്കു നയിച്ചത്.
വേനൽമഴ ലഭിക്കാതിരുന്നതും കാഞ്ഞിരപ്പുഴ കനാൽ വഴി സമയബന്ധിതമായി വെള്ളമെത്താതിരുന്നതും കൃഷിയെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ ജനുവരി അവസാനം വിളവിറക്കിയ കൃഷിയാണിത്. ആലത്തൂർ വിഎഫ്പിസികെയിൽ നിന്ന് എത്തിച്ച വിത്ത് ഉപയോഗിച്ചിറക്കിയ കൃഷി തുടക്കത്തിൽ പടർന്നു പന്തലിച്ചു പൂവിട്ടെങ്കിലും കായകളായി മാറിയതിനു പിന്നാലെയാണു ചൂട് കുത്തനെ ഉയർന്നതും വാടിനശിച്ചതും. റംസാൻ വിപണി ലക്ഷ്യമിട്ടിറക്കിയ തണ്ണിമത്തൻ കൃഷിയിലും ഇത്തവണ തിരിച്ചടി നേരിട്ടു. അര ഏക്കർ സ്ഥലത്തിറക്കിയ തണ്ണിമത്തൻ കൃഷിയാണു ചൂടേറ്റു നശിച്ചത്.
ഡൽഹിയിൽ നിന്ന് എത്തിച്ച കിരൺ ഇനത്തിൽപെട്ട വിത്താണു വിളവിറക്കിയിരുന്നത്. കഴിഞ്ഞ വർഷം 2000 കിലോ തണ്ണിമത്തൻ പനമണ്ണയിലെ കർഷകർ വിപണിയിലെത്തിച്ചിരുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർ ഇവിടെ നേരിടുന്നത്.