മണ്ണാർക്കാടിനു വേണം, 220 കെവി സബ്സ്റ്റേഷൻ
1431229
Monday, June 24, 2024 1:35 AM IST
മണ്ണാർക്കാട്: കാറ്റ് ഒന്നടിച്ചാൽ കറന്റുപോകും. പിന്നെ വൈദ്യുതി വരണമെങ്കിൽ മണിക്കൂറുകൾ കഴിയും. ചിലപ്പോൾ ഒരുദിവസം തന്നെ കഴിഞ്ഞെന്നും വരാം. കെഎസ്ഇബി ഓഫീസിലേക്കു വിളിച്ചാൽ ഫോൺ എന്നും പരിധിക്ക് പുറത്തും.
മണ്ണാർക്കാരുടെ ഈ ദുരവസ്ഥ തുടങ്ങിയിട്ടു വർഷങ്ങൾ ഏറെയായി. മറ്റു മേഖലയെപോലെ കെഎസ്ഇബിയും ഹൈടെക് ആയി എന്നു പറയുമ്പോഴും മണ്ണാർക്കാട്ടുകാർക്ക് വൈദ്യുതിയെന്നത് ഇപ്പോഴും ദൗർലഭ്യമായി തുടരുകയാണ്.
നിലവിലുള്ള 110 കെവി സബ്സ്റ്റേഷന് മണ്ണാർക്കാട് മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ ശേഷി താങ്ങാത്തതാണ് ഇതിനു കാരണം. നിലവിലെ 110 കെവി സബ്സ്റ്റേഷനെ 220 കെവി സബ്സ്റ്റേഷൻ ആയി ഉയർത്തുമെന്നു പറയുമ്പോഴും എന്നു നടക്കുമെന്നു കണ്ടറിയണം.
മണ്ണാർക്കാട്, കുമരംപുത്തൂർ, അലനല്ലൂർ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ മേഖലകൾ അടങ്ങിയതാണ് മണ്ണാർക്കാട് 110 കെവി സബ്സ്റ്റേഷൻ. ഈ മേഖലകളിൽ മിക്കപ്പോഴും വൈദ്യുതി വിതരണത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
മണ്ണാർക്കാട് കേന്ദ്രീകരിച്ച് 220 സബ്സ്റ്റേഷൻ സ്ഥാപിച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതർ തന്നെ പറയുന്നത്.
ആലപ്പുഴ ജില്ലയുടെ പകുതിയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. പാലക്കാട് നിന്നുമാണ് മണ്ണാർക്കാട് ഭാഗത്തേക്ക് പ്രധാനമായും വൈദ്യുതി വിതരണം ചെയ്യുന്നത് .
ഈ വിതരണത്തിലാണ് മിക്കപ്പോഴും തടസ്സം നേരിടുന്നത്. ഈ സമയങ്ങളിൽ മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ നിന്നും വൈദ്യുതി എത്തിച്ചാണ് ഭാഗികമായെങ്കിലും വൈദ്യുതി വിതരണം പുനസ്ഥാപിക്കാറുള്ളത്. എന്നാൽ ഇതിലും തടസം നേരിടാറുണ്ട്.
ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും ആവശ്യം.
കഴിഞ്ഞദിവസം കെഎസ്ഇബി സബ്സ്റ്റേഷൻ സന്ദർശിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയോടു കെഎസ്ഇബി ഉദ്യോഗസ്ഥർ തങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയിരുന്നു. ഉടൻ നടപടിയെടുക്കാമെന്നു മന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്.
വൈദ്യുതി മുടക്കത്തിനുപുറമേ വോൾട്ടേജ് ക്ഷാമവും മണ്ണാർക്കാട് മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപ് മേഖലയിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് ഉണ്ടായതെന്നു അധികൃതർ സമ്മതിക്കുന്നു.
കാറ്റും മഴയും കൂടെ വന്നതോടെ വൈദ്യുതി വിതരണം താറുമാറായി. ഈ സമയങ്ങളിൽ അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചിരുന്നു.