തെന്നാരിയിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1436858
Thursday, July 18, 2024 1:37 AM IST
മണ്ണാർക്കാട്: നഗരസഭാപരിധിയിലെ അണ്ടിക്കുണ്ട്- തെന്നാരി ഭാഗത്ത് രണ്ടുപേർക്കു തെരുവുനായയുടെ കടിയേറ്റു.
മുണ്ടോർശിയിൽ അജിൻ (13), തെന്നാരി വീട്ടിൽ കൃഷ്ണൻ (70) എന്നിവർക്കാണ് കടിയേറ്റത്. അജിനു ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനു വീടിനുസമീപത്തും കൃഷ്ണനെ ഇന്നലെ രാവിലെ ഏഴിനു തെന്നാലി റോഡിൽവച്ചുമാണ് കടിയേറ്റത്.
ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. തെരുവുനായ വളർത്തുനായ്ക്കളെയും ആക്രമിച്ചതായി പറയപ്പെടുന്നു.
ഒരു കോഴിയെയും കടിച്ചു കൊന്നിട്ടുണ്ട്.
നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന തെന്നാരിയിൽ തുടർച്ചയായുണ്ടായ തെരുവുനായ ആക്രമണം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
ധൈര്യമായി വഴിനടക്കാൻപോലും വയ്യാത്തവിധം ഇവിടെയും തെരുവുനായശല്യം രൂക്ഷമാണ്. കടപരിസരങ്ങളിലും ആളുകൾ കുളിക്കുന്ന തോടിന്റെ ഭാഗത്തും നായശല്യമുണ്ട്.