മണ്ണൊലിപ്പു തടയുന്നതിൽ മുളങ്കാടുകളുടെ പ്രാധാന്യം പഠിക്കാൻ പച്ചതുരുത്ത് സന്ദർശിച്ച് വിദ്യാർഥികൾ
1461234
Tuesday, October 15, 2024 6:04 AM IST
വടക്കഞ്ചേരി: പുഴയോരങ്ങളുടെ സംരക്ഷണത്തിന് മുളങ്കാടുകൾ എങ്ങനെ സഹായിക്കുന്നു എന്നത് നേരിട്ട് കണ്ടു മനസിലാക്കുകയാണ് ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ശാസ്ത്രക്ലബ് അംഗങ്ങൾ. മംഗലം പുഴയോരത്തുള്ള മൂച്ചിതൊടി പച്ചതുരുത്തിലായിരുന്നു ഈ കുട്ടി ശാസ്ത്രജ്ഞരുടെ പഠനം.
ഇക്കഴിഞ്ഞ ജൂലൈ മാസം ഒടുവിൽ ശക്തമായ മഴയെ തുടർന്ന് മലയോരങ്ങളിൽ ഉരുൾപൊട്ടലും അതിനെ തുടർന്ന് മലവെള്ളപാച്ചിലും ഉണ്ടായപ്പോൾ മംഗലം പുഴയിലൂടെ അതിശക്തമായി മലവെള്ളം കുത്തിയൊഴുകി വന്നു. എന്നാൽ അപായകരമായ ജലപ്രവാഹത്തിലും പുഴയോരം ഇടിഞ്ഞ് തകരാതെ ഉറച്ചുനിന്നതാണ് കുട്ടികളെ വിസ്മയിപ്പിച്ചത്. പ്രദേശത്താകെ പത്തടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി.
ദിവസങ്ങളേറെ വെള്ളം കുത്തിയൊഴുകി. എന്നിട്ടും പുഴയോരത്തിന് കേടുപാടുണ്ടായില്ല. ഇതിനു പിന്നിലെ കരുത്തൻ ആരായിരുന്നു എന്നതിലായിരുന്നു കുട്ടികളുടെ സൂക്ഷ്മമായ പരിശോധന. പുഴയോരത്ത് നട്ടു വളർത്തിയ മുളകൾ കാടുപോലെ സംരക്ഷണവലയം തീർത്തതും പ്രദേശത്തെ മണ്ണ് ഒഴുകി പോകുന്നതും ഈ ചെടി ഭീമൻമാർ തടഞ്ഞതും കുട്ടികൾ കണ്ടു. മംഗലംഡാം, പോത്തുണ്ടി എന്നീ ഡാമുകളിൽ നിന്നും മംഗലം പുഴ വഴി ഒഴുകി വന്ന വെള്ളം മുളങ്കൂട്ടങ്ങളെ പൂർണമായും മുക്കിയിരുന്നു. ആലത്തൂർ വീഴുമലയിൽ ഉരുൾപൊട്ടലുണ്ടായി അവിടെ നിന്നുള്ള മലവെള്ളവും പുഴയിലെ വെള്ളം പൊടുന്നനെ ഉയരാൻ കാരണമാക്കി.
2018, 2019 എന്നീ വർഷങ്ങളിലെ സമാനമായ പ്രളയം പ്രദേശത്തുണ്ടായി. മുളകളുടെ വേരുകൾ വല പോലെ പുഴയോരത്തെ പിടിച്ചുനിർത്തുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ജൈവ വൈവിധ്യ പരിപാലന സമിതി കോ-ഓർഡിനേറ്റർ കെ.എം. രാജു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
അന്യം നിന്നുപോകുന്ന ജലജീവികൾക്കുള്ള സംരക്ഷണകേന്ദ്രം കൂടിയാണ് ഇത്തരത്തിലുള്ള പച്ചതുരുത്തുകൾ. ഹരിത കേരള മിഷന്റെ പച്ചതുരുത്ത് പദ്ധതിയിലാണ് മംഗലംപുഴയോരത്ത് മുളതൈകൾ നട്ട് പച്ചതുരുത്ത് ഉണ്ടാക്കിയത്. ജില്ലയിലെ തന്നെ പ്രധാന പച്ചതുരുത്തുകളിൽ ഒന്നാണ് മൂച്ചിതൊടി പച്ചതുരുത്ത്. പ്രധാനാധ്യാപിക സിസ്റ്റർ റോസ്മിൻ വർഗീസ് മറ്റു അധ്യാപകർ എന്നിവർക്കൊപ്പമാണ് കുട്ടികൾ പച്ചതുരുത്ത് സന്ദർശിച്ചത്.