കടൽമണല്‍ ഖനന ടെൻഡറുമായി കേന്ദ്രം മുന്നോട്ട്, തീരദേശമേഖലയില്‍ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു
Saturday, July 26, 2025 1:01 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: കടൽമണല്‍ ഖനനത്തിന്റെ ടെൻഡര്‍നടപടികള്‍ മുന്നോട്ടുനീക്കി തെരഞ്ഞെടുത്ത കന്പനികളെ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കേ തീരദേശമേഖലകളില്‍ വീണ്ടും സമരം ശക്തിപ്രാപിക്കുന്നു. കടല്ഖനനത്തിനെതിരേ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്നോട്ടു വന്നതിനുപിന്നാലെ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാല്‍ നേരിടുമെന്നും കൊല്ലം രൂപതയും പ്രഖ്യാപിച്ചു കഴിഞ്ഞു.
വരും ദിവസങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് കൂടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനകളുടെയും സംയുക്തസമരങ്ങളും തീരദേശമേഖലകളില്‍ ശക്തിപ്പെടും. കടല്ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളികളുടെ കൊല്ലം പോര്‍ട്ട് ഓഫീസ് ഉപരോധം 28നാണ്.
കേന്ദ്ര സര്‍ക്കാർ അറിയിപ്പുപ്രകാരം നിരക്കുകളും വ്യവസ്ഥകളും അറിയിച്ചു ടെൻഡര്‍ രേഖകള്‍ നല്‍കേണ്ട തീയതി നിശ്ചയിച്ചിരിക്കുന്നത് ഈ മാസം 28നാണ്. യോഗ്യതയുള്ളവരെ ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ രണ്ടിനും മധ്യേ തെരത്തെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിയെ സെപ്റ്റംബര്‍ എട്ടിനു പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്ന പ്രദേശത്തുതന്നെ മണല്‍ഖനനം നടത്താനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ഖനനം നടന്നാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഒന്നാകെ വിസ്മൃതിയിലേക്കു പോകുമെന്നും സമരം പ്രഖ്യാപിച്ചുകൊണ്ടു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എന്‍. പ്രതാപന് പറഞ്ഞു.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിഷേധം തിരിച്ചറിഞ്ഞ് ഖനനത്തിന്റെ ടെൻഡർ നടപടികളില്‍നിന്ന് ഇന്ത്യയിലെ പല കോര്‍പറേറ്റ് കമ്പനികളും മാറി നിന്നപ്പോള്‍ വിദേശകമ്പനികള കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു കൊണ്ടുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയില്‍ ആദ്യമായി പുറംകടലിലെ ധാതുസമ്പത്ത് ഖനനത്തിന് ലേലം ചെയ്യുന്ന 13 ബ്ലോക്കുകളില്‍ മൂന്നെണ്ണമാണ് കൊല്ലത്തേത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തെ ഏറ്റവും ഫലസമൃദ്ധമായ മത്സ്യബന്ധന നിലമാണ് കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന മേഖല. ഇന്ത്യന്‍ തീരത്തെ പാരിസ്ഥിതികമായും ജൈവശാസ്ത്രപരമായും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനെ അടയാളപ്പെടുത്തുന്നത്.
വര്‍ക്കലയില്‍ നിന്നു തുടങ്ങി 84 കിലോമീറ്റര്‍ അകലെ അമ്പലപ്പുഴ വരെയുള്ള തീരത്തിനു പടിഞ്ഞാറായി ഏതാണ്ട് 3,200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പരപ്പ്, മണല്‍ക്കൊഞ്ച്, പല്ലിക്കോര, പുല്ലന്, കരിക്കാടി, പൂവാലന് ചെമ്മീനുകള്‍, കിളിമീന്‍, ചാള, കലവ, അയല, നത്തോലി എന്നിങ്ങനെ കയറ്റുമതിക്കും ആഭ്യന്തര വിപണിക്കുമായുള്ള സവിശേഷ സമുദ്രവിഭവങ്ങളുടെ വലിയൊരു സ്രോതസും സങ്കേതവുമാണ്. ആയിരത്തോളം ട്രോളറുകളും 500 ഫൈബര്‍ ബോട്ടുകളും നൂറോളം ഇന്‍ബോര്‍ഡ് എന്ജിന് വള്ളങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തീരക്കടലിലെയും ആഴക്കടലിലെയും ഖനനങ്ങള്‍ സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മത്സ്യലഭ്യതയെയും തീരദേശ ജനതയുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളതാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ടെൻഡര്നടപടികളുമായി മുന്നോട്ടു പോകുകയാണ്.