ടെലികോം കന്പനികൾക്കു ഭീഷണി; സുപ്രീംകോടതി ആശ്വാസം നൽകിയില്ല
Friday, January 17, 2020 12:36 AM IST
ന്യൂഡൽഹി: ടെലികോം കന്പനികൾക്കു വലിയ തിരിച്ചടി. കന്പനികൾക്കെതിരായ ഒക്ടോബർ 24ലെ വിധി പുനഃപരിശോധിക്കാനുള്ള ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ജനുവരി 23നകം 1.47 ലക്ഷം കോടി രൂപ സർക്കാരിൽ അടയ്ക്കേണ്ട അവസ്ഥയിലാണ് പ്രമുഖ ടെലികോം കന്പനികൾ. ചില കന്പനികളുടെ നിലനിൽപ്പു തന്നെ ഭീഷണിയിലാകും.
വോഡഫോണ്‍ ഐഡിയ 53,039 കോടി രൂപയും ഭാരതി എയർടെൽ 35,586 കോടി രൂപയും അടുത്ത വ്യാഴാഴ്ചയ്ക്കകം അടയ്ക്കണം. ലൈസൻസ് ഫീസ്, സ്പെക്ട്രം യൂസേജ് ചാർജ് ഇനങ്ങളിലാണ് ഇത്രയും ബാധ്യത. ഇത്ര ഭീമമായ തുക അടയ്ക്കേണ്ടി വന്നാൽ കന്പനി പ്രവർത്തനം നിർത്തേണ്ടിവരുമെന്നു വോഡഫോണ്‍ ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള ഒരു മാസം മുൻപു പറഞ്ഞിരുന്നു.
കന്പനികൾക്കു മറ്റു ബിസിനസുകളിൽനിന്നുള്ള വരുമാനംകൂടി മൊത്തവരുമാനം കണക്കാക്കുന്നതിൽ പെടുത്തണമെന്ന സർക്കാരിന്റെ വാദം സുപ്രീ കോടതി അനുവദിച്ചതാണ് ഒക്ടോബർ 24ലെ വിധി. ടെലികോമിൽനിന്നല്ലാത്ത വരുമാനം പെടുത്തിയപ്പോഴാണ് കന്പനികളെ പാപ്പരാക്കുന്ന ബാധ്യത വന്നത്. ലൈസൻസ് ലഭിച്ച കാലം മുതലുള്ള കുടിശികയും അതിന്റെ പലിശയും പിഴയും അതിന്റെ പലിശയും ചേർന്നതാണ് ഭീമമായ ഈ തുക.