കൊപ്ര താങ്ങുവില ക്വിന്റലിന് 375 രൂപ വർധിപ്പിക്കും
Thursday, January 28, 2021 12:21 AM IST
ന്യൂഡൽഹി: കൊപ്രയുടെ താങ്ങുവില ക്വിന്റലിനു 375 രൂപ വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതി തീരുമാനിച്ചു. ഇതോടെ ഒരു ക്വിന്റൽ കൊപ്രയുടെ വില 10,335 രൂപയാകുമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.
2020ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്. 9960 രൂപയായിരുന്നു 2020ലെ കുറഞ്ഞ താങ്ങുവില. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിനു 300 രൂപ വർധിപ്പിച്ച് 10,600 രൂപയാക്കി. 2020ൽ ഇത് 10,300 രൂപയായിരുന്നു. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) നൽകിയ ശിപാർശയാണ് മന്ത്രിസഭാ സമിതി അംഗീകരിച്ചത്.
നാളികേര കൃഷി ചെയ്യുന്ന കേരളം അടക്കമുള്ള 12 തീരദേശ സംസ്ഥാനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു കേന്ദ്രമന്ത്രി വിശദമാക്കി.