കെൽട്രോണിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി പി. രാജീവ്
Wednesday, July 28, 2021 12:38 AM IST
തിരുവനന്തപുരം: കണ്ണൂർ മങ്ങാട്ടുപറന്പിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ വൈവിധ്യവത്കരണ പദ്ധതിയിലൂടെയും അതിന്റെ തുടർച്ചയായി ഈ സർക്കാർ ആവിഷ്കരിച്ച മാസ്റ്റർ പ്ലാൻ പദ്ധതികളിലൂടെയും കെൽട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിന് കൂടുതൽ വിറ്റുവരവും ഉയർച്ചയും നേടി. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങളും നേടാനാകുമെന്നും എം.വിജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
തുടർച്ചയായി നഷ്ടത്തിലായിരുന്നെങ്കിലും 2017-2018 മുതൽ കന്പനി ലാഭത്തിലായി. 2017-2018 ൽ 52.05 ലക്ഷം രൂപയും 2018-2019ൽ 101.68 ലക്ഷവും 2019-2020ൽ 279.26 ലക്ഷവും 2020-21 വർഷത്തിൽ ഇതുവരെ 12 ലക്ഷം രൂപയും ലാഭമുണ്ടാക്കി.
കന്പനിയുടെ സമഗ്ര വികസനവും വൈവിധ്യവത്കരണവും ലക്ഷ്യമിട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2 പദ്ധതികൾ കമ്മിഷൻ ചെയ്തു. 4 കോടി മുതൽ മുടക്കുള്ള എംപിപി കപ്പാസിറ്റർ ഉത്പാദന കേന്ദ്രം 2017 മാർച്ചിലും 2 കോടി രൂപ മുതൽ മുടക്കുള്ള എംപിപി കപ്പാസിറ്റർ ഉത്പാദനകേന്ദ്രം 2021 ഫെബ്രുവരിയിലും കമ്മീഷൻ ചെയ്തു.
കൂടാതെ ഡോ. കെ.പി.പി നന്പ്യാർ ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രം കന്പനിയിൽ ആരംഭിച്ചു.
"വിഷൻ 2030’എന്ന മാസ്റ്റർപ്ലാൻ തയാറാക്കി കന്പനിയുടെ കപ്പാസിറ്റർ ഉത്പാദനം വർധിപ്പിക്കാനും ഉത്പന്ന വൈവിധ്യവത്കരണം നടപ്പാക്കാനും കന്പനി ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.