കളി വേറെ ലെവൽ
Thursday, January 23, 2020 11:22 PM IST
ഓക്ലൻഡ്: ഇതുവരെയുള്ള കളിയല്ല ഇന്നു മുതലുള്ളത്. കളി വേറെ ലെവലിലേക്ക് നീങ്ങുന്നു. അതായത് വിജയകരമായ ഹോം പരന്പരകൾക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ വിദേശ പര്യടനത്തിന് ഇന്നു തുടക്കം കുറിക്കും.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ട്വന്റി-20 മത്സരം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. അഞ്ച് ട്വന്റി-20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് പരന്പരയിലുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ, ന്യൂസിലൻഡിൽ ട്വന്റി-20 പരന്പര കളിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വർഷം ഇന്ത്യ പര്യടനം നടത്തിയപ്പോൾ കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു.
രാഹുലോ പന്തോ...
ഇന്ന് ഓക്ലൻഡിൽ ആദ്യ ട്വന്റി-20 നടക്കുന്പോൾ ഇന്ത്യൻ ആരാധകരുടെ ചോദ്യം ഒന്നുമാത്രം. ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത് കെ.എൽ. രാഹുലോ അതോ ഋഷഭ് പന്തോ അതുമല്ലെങ്കിൽ സഞ്ജു വി. സാംസണോ...? ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിൽ വിക്കറ്റ് കീപ്പിംഗിനു ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിച്ച് ഗംഭീര പ്രകടനം നടത്തിയ രാഹുൽ ടീമിന്റെ തുറുപ്പു ചീട്ടായിരിക്കുകയാണ്. ന്യൂസിലൻഡിൽ പരിമിത ഓവർ ക്രിക്കറ്റിൽ രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമെന്ന് കോഹ്ലി സ്ഥിരീകരിച്ചു. രണ്ട് ഉത്തരവാദിത്വങ്ങളിലും(ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും) രാഹുൽ തിളങ്ങുന്നത് ടീം ഇന്ത്യക്ക് കൂടുതൽ സന്തുലനം നൽകുന്നുവെന്നാണ് കോഹ്ലിയുടെ പക്ഷം. രാഹുലിനെ ടീം പ്ലെയർ ആയാണ് കോഹ്ലി വിശേഷിപ്പിച്ചത്. എന്നാൽ, ട്വന്റി-20യിലെ ടീം ഫോർമാറ്റിനെക്കുറിച്ച് കോഹ്ലി വ്യക്തമായ ഉത്തരം നല്കിയില്ല.
ഓസ്ട്രേലിയയ്ക്കെതിരേ രാജ്കോട്ടിൽ എന്താണോ ചെയ്തത് അത് ഏകദിനത്തിൽ തുടരാനാണ് തീരുമാനം. ടീമെന്ന നിലയിൽ ഏറ്റവും മികച്ചത് നടപ്പാക്കാനാണ് ശ്രമം. ഏകദിനത്തിൽ ടോപ് ഓർഡറിൽ മറ്റൊരു താരവും രാഹുൽ മധ്യനിരയിലുമാണ് കളിക്കേണ്ടത്. എന്നാൽ, ട്വന്റി-20യിൽ ചില മാറ്റങ്ങളുണ്ടാവും. മികവ് തെളിയിച്ചിട്ടുള്ള കൂടുതൽ ബാറ്റ്സ്മാൻമാർ ഉള്ളതിനാൽ ലോവർ ഓർഡറിൽ നിരവധി സാധ്യതകളുണ്ട്. അതിനാൽ രാഹുൽ ടോപ് ഓർഡറിൽ ഇറങ്ങാനാണ് സാധ്യത- കോഹ്ലി വ്യക്തമാക്കി.
സഞ്ജുവിന്റെ സാധ്യത
പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരമാണ് മലയാളിതാരം സഞ്ജു വി. സാംസണ് ടീമിൽ ഉൾപ്പെട്ടത്. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പര മുതൽ ഇന്ത്യൻ ടീമിലുള്ള സഞ്ജുവിന് പക്ഷേ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് ഇറങ്ങാൻ സാധിച്ചത്. ഇന്ന് സഞ്ജു പ്ലേയിംഗ് ഇലവണിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകർ.
ചരിത്രം മോശം
ന്യൂസിലൻഡിൽ ആദ്യ ട്വന്റി-20 കളിക്കാനാണ് നായകൻ വിരാട് കോഹ്ലിയും പേസർ ജസ്പ്രീത് ബുംറയും ഒരുങ്ങുന്നത്. ന്യൂസിലൻഡ് നിരയിൽ പേസർ ട്രെന്റ് ബോൾട്ട് ഇല്ല. ന്യൂസിലൻഡിൽവച്ച് ഇന്ത്യക്ക് ഇതുവരെ ട്വന്റി-20 പരന്പര നേടാൻ സാധിച്ചിട്ടില്ല. ന്യൂസിലൻഡിൽ 2009ലും 2019ലും രണ്ട് ട്വന്റി-20 പരന്പര ഇന്ത്യ കളിച്ചെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് ജയം നേടാൻ സാധിച്ചത്. രണ്ട് പരന്പരയും നേടാനായുമില്ല. ഇതുവരെ അഞ്ച് ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കിവീസിന്റെ നാട്ടിൽ കളിച്ചത്. നാല് എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു ജയം നേടി.
ചുരുങ്ങിയത് അഞ്ച് ട്വന്റി-20 മത്സരങ്ങൾ കളിച്ച കണക്ക് വച്ച് ഏതൊരു രാജ്യത്തിനെതിരേയുമുള്ള ഏറ്റവും മോശം വിജയ ശതമാനമാണ് ഇന്ത്യക്ക് ന്യൂസിലൻഡിനെതിരേയുള്ളത്, 27.27. ഓസ്ട്രേലിയ (55%), ദക്ഷിണാഫ്രിക്ക (60%), ഇംഗ്ലണ്ട് (50%), വെസ്റ്റ് ഇൻഡീസ് (58.82%), ശ്രീലങ്ക (68.42%) എന്നിവയ്ക്കെതിരേയെല്ലാം വിജയശതമാനത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. എന്നാൽ, ന്യൂസിലൻഡിനെതിരേ 11 മത്സരം ആകെ കളിച്ചതിൽ മൂന്ന് ജയം മാത്രമാണ് ഇന്ത്യ നേടിയത്.