ഇന്ത്യ x വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് രാവിലെ 9.30 മുതൽ ന്യൂഡൽഹിയിൽ
Friday, October 10, 2025 12:40 AM IST
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ചർച്ചയാകുന്നത് ഒരു കാര്യം മാത്രം; ടെസ്റ്റ് എത്രദിവസം നീട്ടാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിക്കും..? ദുര്‍ബലമായ ടീമാണ് തങ്ങളെന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ കോച്ച് ഡാരന്‍ സമിയും ബ്രയാന്‍ ലാറ അടക്കമുള്ള മുന്‍താരങ്ങളും തലകുലുക്കി സമ്മതിച്ചുകഴിഞ്ഞു.
അഹമ്മദാബാദില്‍ വെറും മൂന്നുദിനംകൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 140 റണ്‍സിനും ജയിച്ചതിനുശേഷമുള്ള പ്രതികരണങ്ങളിലാണ് വിന്‍ഡീസ് ക്യാമ്പ് തന്നെ തങ്ങളുടെ ബലഹീനതയും ദയനീയതയും തുറന്നു സമ്മതിച്ചത്. അതേസമയം, ആടിയുലഞ്ഞു നില്ക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ടെസ്റ്റിലും കടപുഴക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ക്യാമ്പ്.
അല്പം ദയ ഉണ്ടാകണേ എന്ന അപേക്ഷ മാത്രമാണ് വിന്ഡീസുകാര്ക്കുണ്ടാകുക. രാവിലെ 9.30 മുതല്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ x വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്.
2002നുശേഷം അപരാജിതര്‍
വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മില്‍ ഇതുവരെ 101 ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതില്‍ 30 ജയം കരീബിയന്‍ സംഘത്തിനു സ്വന്തം. 24 ജയമാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. 47 എണ്ണം സമനിലയില്‍ കലാശിച്ചു. എന്നാല്‍, വിന്‍ഡീസ് ടീം നേടിയ മുഴുവന്‍ ജയവും 2002നു മുമ്പായിരുന്നു എന്നതാണ് ശ്രദ്ധേയം.
2002 പരമ്പരയ്ക്കുശേഷം ഒരിക്കല്‍പ്പോലും ഇന്ത്യയെ കീഴടക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചിട്ടില്ല; രണ്ടു പതിറ്റാണ്ടില്‍ അധികമായി അപരാജിതര്‍. 21-ാം നൂറ്റാണ്ടില്‍ വെറും രണ്ടു ജയം മാത്രമാണ് വിന്‍ഡീസ് ഇന്ത്യക്കുമേല്‍ അവകാശപ്പെടാനുള്ളത്. 2002ലായിരുന്നു അവസാന ജയം.
സമീപനാളില്‍ വെസ്റ്റ് ഇന്‍ഡീസ് തീര്‍ത്തും മോശം അവസ്ഥയിലാണ്. അവസാനം കളിച്ച ഏഴ് ടെസ്റ്റില്‍ ആറിലും പരാജയപ്പെട്ടു. വിന്‍ഡീസ് ക്രിക്കറ്റിനെ കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നാണ് കോച്ച് ഡാരന്‍ സമിയുടെ ഭാഷ്യം.
ദയനീയം വിന്‍ഡീസ്
അഹമ്മദാബാദ് ടെസ്റ്റില്‍ ഒരുദിവസം മുഴുവന്‍ ബാറ്റ് ചെയ്യാനോ, രണ്ട് ഇന്നിംഗ്സിലുമായി 100 ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലുമോ സാധിക്കാത്ത ടീമാണ് റോസ്റ്റണ്‍ ചേസ് നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്. ആദ്യ ഇന്നിംഗ്സില്‍ 44.1 ഓവറില്‍ 162നും രണ്ടാം ഇന്നിംഗ്സില്‍ 45.1 ഓവറില്‍ 146നും അവര്‍ പുറത്തായി. രണ്ടു തവണയും 200 റണ്‍സ് കണ്ടില്ല.
കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ 13 തവണയും 200നു താഴെയായിരുന്നു വിന്‍ഡീസിന്റെ ഇന്നിംഗ്സുകള്‍ എന്നതും ശ്രദ്ധേയം. ഈ 15 ഇന്നിംഗ്സിലും വിന്‍ഡീസ് ഒരു ദിവസം മുഴുവനോ 90 ഓവറോ ബാറ്റ് ചെയ്തിട്ടില്ല.
ഈ ചരിത്രങ്ങളുടെ നാണക്കേടുമായാണ് വിന്‍ഡീസ് ഇന്നു ദയാവധം പ്രതീക്ഷിച്ച് ടീം ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ (പഴയ ഫിറോസ് ഷാ കോട്ല) 1987നുശേഷം ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ലെന്നതും ചരിത്രം.
1987ല്‍ വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു ഇന്ത്യ ഇവിടെ അവസാനം തോല്‍വി വഴങ്ങിയത്. ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ശേഷി റോസ്റ്റണ്‍ ചേസിന്റെ വിന്‍ഡീസിന് ഇല്ലെന്നതാണ് ശ്രദ്ധേയം.