അമേരിക്കയിലെ ഇടത്തരം ബാങ്കുകളുടെ കാര്യത്തിലും ആശങ്ക അകന്നിട്ടില്ല. ഫസ്റ്റ് റിപ്പബ്ലിക്, പാക് വെസ്റ്റ്, സയണ്സ് തുടങ്ങി അര ഡസനോളം ഇടത്തരം ബാങ്കുകൾ ഫെഡറൽ റിസർവിൽ നിന്ന് ലഭിക്കുന്ന അടിയന്തര വായ്പകൾ പരമാവധി ഉപയോഗിച്ചാണ് മുന്നോട്ടു പോകുന്നത്. ഇവയുടെ ഓഹരികൾ ഇന്നലെ മൂന്നു മുതൽ ഏഴു വരെ ശതമാനം ഇടിഞ്ഞു.
സുരക്ഷിതമെന്നു കണക്കാക്കി സർക്കാർ കടപ്പത്രങ്ങളിൽ നടത്തിയ വലിയ നിക്ഷേപമാണ് ഇവയ്ക്കു വിനയായിരിക്കുന്നത്. കടപ്പത്രങ്ങൾ വാങ്ങിയപ്പോൾ പലിശ കുറവായിരുന്നു. പലിശ കുറവെങ്കിൽ കടപ്പത്ര വില ഉയർന്നു നിൽക്കും. പലിശ കൂടുന്പോൾ വില കുറയും. കഴിഞ്ഞ വർഷം മാർച്ച് മുതൽ പലിശ വർധിക്കുകയാണ്, ഒപ്പം കടപ്പത്രവില ഇടിയുകയും ചെയ്യുന്നു. വിലയിൽ 10 ശതമാനത്തിലധികം ഇടിവുണ്ട്.
യുഎസ് ബാങ്കിംഗ് മേഖല കടപ്പത്രവിലയിലെ ഇടിവു മൂലം 1.7 ലക്ഷം കോടി ഡോളർ നഷ്ടത്തിലാണു നിൽക്കുന്നതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ കണ്ടു. ഇതത്രയും ബാങ്കിനു നഷ്ടമായി വരേണ്ടതില്ല. കുറച്ചു വർഷം കഴിഞ്ഞു പലിശ താഴ്ന്നാൽ കടപ്പത്ര വില ഉയരും. നഷ്ടം മറയും. അത്രയ്ക്കു സാവകാശം കിട്ടിയില്ലെങ്കിൽ പ്രശ്നമാകും.
സാവകാശം കിട്ടാതിരുന്നതാണ് സിലിക്കണ്‍ വാലി ബാങ്കിനെ വീഴ്ത്തിയത്. നിക്ഷേപകർക്കു പണം മടക്കി നൽകാൻ 2100 കോടി ഡോളറിന്റെ കടപ്പത്രങ്ങൾ വിൽക്കേണ്ടി വന്നു. ആ വിൽപനയിലെ നഷ്ടം 180 കോടി ഡോളർ. നഷ്ടം നികത്താൻ ഓഹരി വിൽക്കാൻ ശ്രമിച്ചു. ബാങ്ക് തകർച്ചയിലാണെന്ന പ്രചാരണത്തിനാണ് അതു വഴിതെളിച്ചത്. പിന്നെ താമസിച്ചില്ല. രണ്ടാം ദിവസം ബാങ്ക് തകർന്നു.