കോളജുകളില്‍ ലോറവാന് അധിഷ്ഠിത ഐഒടി സംവിധാനവുമായി ഐസിഫോസ്
Monday, October 21, 2019 10:46 PM IST
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വേര് സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) സംസ്ഥാനത്തെ തെരഞ്ഞെടുത്ത എന്‍ജിനിയറിംഗ്, പോളിടെക്നിക് കോളജുകളില്‍ ലോറവാന് അധിഷ്ഠിത ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സംവിധാനം സാധ്യമാക്കുന്നു. ഐഒടിയിലൂന്നിയ ഗവേഷണങ്ങളെയും പഠനങ്ങളെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിത്.
വിപണിക്ക് അനുയോജ്യമായ തരത്തില്‍ ഐഒടി ഉത്പന്നങ്ങള്‍ പുത്തിറക്കാന് വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസിന്റെ ഈ ഉദ്യമം.
കുറഞ്ഞ ഊര്‍ജം ഉപയോഗിക്കുന്നതും വൈഡ് ഏരിയ നെറ്റ്വര്‍ക്ക് പ്രോട്ടോക്കോള്‍ അധിഷ്ഠിതവുമായ കംപ്യൂട്ടര്‍ ശൃംഖലയാണ് ലോറവാന് (LoRaWAN). ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ പ്രാദേശിക, ദേശീയ, ആഗോള ഇന്റര്‍നെറ്റ് ശൃംഖലകളുമായി വയര്‍ലെസിലൂടെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഇരു ദിശയിലുള്ള ആശയവിനിമയം, സമ്പൂര്‍ണ സുരക്ഷ, ചലനക്ഷമത, പ്രാദേശികത്വം തുടങ്ങിയ ഐഒടി ആവശ്യകതകളെയാണ് ഇത് ലക്ഷ്യമിടുന്നത്.
എന്‍ജിനിയറിംഗ് കോളജ്, പോളിടെക്നിക് കാന്പസുകളിലാണ് ഐസിഫോസ് ലോറവാന് ഗേറ്റ്വേകള് സ്ഥാപിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക വിദഗ്ധര്‍ക്കും സ്വതന്ത്ര സോഫ്റ്റ് വേര് ഐഒടി പരിശീലനത്തിന് ഇത് സഹായകമാകും.
ഐസിഫോസ് വികസിപ്പിച്ച ലോറവാന് ഗേറ്റ്വേ, നോഡ്സ്, നെറ്റ്വര്‍ക്ക്, ആപ്ലിക്കേഷന്‍ സെര്‍വറുകള്‍, വ്യത്യസ്ത സെന്‍സറുകള്‍ എന്നിവയടങ്ങുന്ന ലോറവാന് ബോക്സ് കിറ്റുകള്‍ സ്ഥാപനങ്ങള്‍ക്കു നല്‍കും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രതിവിധികള്‍ക്ക് കരുത്തേകുന്നതിന് ഐസിഫോസിന്റെ സ്വതന്ത്ര ഐഒടി സംഘമാണ് ഈ ആശയത്തിനു രൂപം നല്‍കിയത്. ലോറവാനിന്റേയും അതിന്റെ പ്രചാരണത്തിന്റെയും ഭാഗമായ ആഗോള ലാഭേതര സ്ഥാപനമായ ലോറ അലയന്‍സിന്റെ ഭാഗമാണ് ഐസിഫോസ്. സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, പോളിടെക്നിക് കോളജുകള്‍ക്ക് ഓണ്‍ലൈനായി 31 ന് മുന്‍പ് ഇതിനായി https:// icfoss. in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം.
ഐസിഫോസിന്റെ സ്വതന്ത്ര ഓഫീസില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റികള്‍ക്ക് ലോറവാന്, സ്വതന്ത്ര ഐഒടി എന്നിവ അടിസ്ഥാനമാക്കിയ ത്രിദിന ശില്പശാല നടത്തുകയും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങളുടെ അന്തിമ പട്ടിക തയാറാക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ പത്ത് സ്ഥലങ്ങളില്‍ ലോറവാന് സാധ്യമാക്കുകയും നവംബറില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.
ലോറവാന് വിന്യസിക്കുന്നതിനാവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഇതുപയോഗിച്ചുള്ള പദ്ധതികളും സ്ഥാപനങ്ങള്‍ക്ക് ഐസിഫോസ് നല്‍കും. ഇത്തരം സ്ഥാപനങ്ങള്‍ ലോറവാന് മികവിന്റെ കേന്ദ്രങ്ങള്‍ക്കുള്ള പ്രാദേശിക നൈപുണ്യ അപ്ഡേഷന് കേന്ദ്രങ്ങളായി ഐസിഫോസില്‍ പ്രവര്‍ത്തിക്കും.