കിഫ്ബിക്കെതിരേ വിമർശനവുമായി മന്ത്രി ജി. സുധാകരൻ
Monday, November 11, 2019 1:30 AM IST
തിരുവനന്തപുരം: കിഫ്ബിക്കെതിരേ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പ് എന്തു പദ്ധതി കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥൻ അതു വെട്ടും. അയാൾ ഒരു രാക്ഷസനാണ്. ബകൻ ഭക്ഷണം കാത്തിരിക്കുന്നതു പോലെയാണ് അയാൾ ഫയലിനായി കാത്തിരിക്കുന്നത്. എല്ലാ ദിവസവും പിടിച്ചുവയ്ക്കാൻ അയാൾക്ക് ഏതെങ്കിലും ഫയൽ വേണം. ഇങ്ങനെയൊരു മനുഷ്യൻ എന്തിനാണവിടെയിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
കനകക്കുന്നിൽ നാലാമത് എൻജിനിയേഴ്സ് കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴാണ് മന്ത്രി കിഫ്ബി ഉദ്യോഗസ്ഥർക്കെതിരേ ആഞ്ഞടിച്ചത്.
ചീഫ് എൻജിനിയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എൻജിനിയറായ സിടിഇ ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ? അവിടെ സിഇടി ആയി ഒരു ചീഫ് എൻജിനിയറെ നിയമിക്കാൻ തയാറാകണം. ധനവകുപ്പ് അതിന് തയാറാകുന്നില്ല. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എന്നേ മെച്ചപ്പെടുമായിരുന്നു.
തന്റെ മണ്ഡലത്തിലെ ഒരു പാലത്തിന്റെ കാര്യവും ഇത്തരത്തിൽ സി.ടി.ഇ പിടിച്ചുവച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കിൽ അതു പരിഹരിക്കാൻ പറയുന്നതിനു പകരം അനാവശ്യമായി ഉടക്കിടുകയാണ്. നിയമപ്രകാരം മൂന്നുദിവസത്തിൽ കൂടുതൽ ഫയൽ പിടിച്ചുവയ്ക്കരുത്. തൃപ്തികരമല്ലെങ്കിൽ ഒരാഴ്ചയ്ക്കകം ഫയലുകൾ തിരിച്ചയയ്ക്കണം. ഇങ്ങനെ ചെയ്യാതിരിക്കുന്നതിലൂടെ സർക്കാർ പദ്ധതികളെ മുഴുവൻ ഉദ്യോഗസ്ഥർ അവതാളത്തിലാക്കുകയാണ്. ഇതിന്റെ പേരിൽ പൊതുമരാമത്ത് വകുപ്പ് എന്തെല്ലാം കടന്നാക്രമണങ്ങളാണ് നേരിടുന്നതെന്ന് ആരും അറിയുന്നില്ല.
കിഫ്ബിയെ ഏൽപ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനില്ല. റോഡ് വെട്ടിമുറിച്ചതിനുള്ള പഴിയും വകുപ്പാണു കേൾക്കുന്നത്. പഞ്ചായത്തിലെ റോഡുകൾ പോലും പിഡബ്ല്യുഡിയുടേതാണെന്നാണ് എല്ലാവരും കരുതുന്നത്. എംഎൽഎമാരുടെ ധാരണയും ഇതാണ്. റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുന്പ് എംഎൽഎ അധ്യക്ഷനായ സമിതി തീരുമാനിക്കണമെന്നാണ്. എന്നാലിതൊന്നും നടപ്പാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച എൻജിനിയർമാർക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. വകുപ്പിന്റെ പ്രൈസ് സോഫ്റ്റ്വേറിന്റെ രണ്ടാംഘട്ടവും പുതുക്കിയ വെബ്സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.