ജലീലിന് അധികാരത്തിൽ തുടരാൻ അവകാശമില്ല: മുല്ലപ്പള്ളി
Thursday, December 5, 2019 12:19 AM IST
തിരുവനന്തപുരം: മാർക്കുദാന വിവാദത്തിൽ എംജി സർവകലാശാലയ്ക്കു തെറ്റുപറ്റിയെന്നും സാങ്കേതിക സർവകലാശാല അദാലത്തിൽ മന്ത്രി ജലീൽ പങ്കെടുത്തത് അനുചിതമാണെന്നുമുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മാർക്കുദാനം റദ്ദാക്കിയെങ്കിലും മന്ത്രിയുടെ നിർദേശ പ്രകാരം വൈസ് ചാൻസലർ ചെയ്ത ഗുരുതരമായ തെറ്റ്, തെറ്റല്ലാതാകുന്നില്ല. വൈസ് ചാൻസലറെ കൊണ്ട് മാർക്ക് ദാനം നടത്തിയ മന്ത്രിയാണ് ഈ സംഭവത്തിൽ ഒന്നാംപ്രതി. അക്ഷന്തവ്യമായ അപരാധം തന്നെയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. എത്ര ഗുരുതരമായ തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ അതേപാതയിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും വൈസ് ചാൻസലറും പിഎസ്സി ചെയർമാനും മുന്നോട്ടുപോകുന്നത്. സർവകലാശാലകളുടെയും പിഎസ്സി യുടെയും വിശ്വാസ്യത പിണറായി സർക്കാർ തകർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന നരേന്ദ്ര മോദിയുടെ സമീപനത്തിന്റെ തനിയാവർത്തനമാണു കേരളത്തിൽ പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.