രണ്ടു മാസ വാടകയിളവ് നല്കണമെന്ന് സ്ഥാപനമുടമകൾ
Friday, May 29, 2020 12:22 AM IST
ചങ്ങനാശേരി: കോവിഡ് പ്രതിരോധ നിയന്ത്രണംമൂലം രണ്ടു മാസത്തോളമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു മാസത്തെ മാത്രം വാടകയിളവ് നല്കാനുള്ള ബിൽഡിംഗ് ഓണേഴ്സ് അസോസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം. രണ്ടു മാസത്തെ വാടകയിളവ് നല്കണമെന്ന സർക്കാർ അഭ്യർഥനയ്ക്ക് യാതൊരു പരിഗണനയും നല്കാതെ ഏകപക്ഷീയമായി സ്വീകരിച്ച നിലപാട് വാടകക്കാർക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്തെങ്കിലും പ്രവർത്തനമോ പേരിനെങ്കിലും വരുമാനമോ ഇല്ലാത്ത ഇപ്പോഴത്തെ കടുത്ത ദുരവസ്ഥയിൽ കനത്ത വാടക നല്കുന്നത് താങ്ങാനാവാത്തതിനാൽ, രണ്ടു മാസത്തെ വാടക ഇളവ് നല്കണമെന്ന് വാടകക്കാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ലോക് ഡൗൺ നിർദേശപ്രകാരം സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായതിനാൽ വാടകയിളവിൽ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളാൻ അസോസിയേഷൻ ഭാരവാഹികൾ തയാറാകണമെന്നും സംഘടന അഭ്യർഥിച്ചു.