മഹേശൻ 3.39 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ചേർത്തല യൂണിയൻ
Thursday, July 9, 2020 12:34 AM IST
ചേർത്തല: കെ.കെ. മഹേശൻ എസ്എൻഡിപി ചേർത്തല യൂണിയൻ കൺവീനറായിരുന്ന പ്പോൾ മൈക്രോഫിനാൻസ് വായ്പയിൽ 3.39 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
2014 മേയ് 13 മുതൽ 2019 ജൂലായ് 11വരെ മഹേശൻ ചേർത്തല യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരുന്നു. 23 വ്യാജ യൂണിറ്റുകളുടെ പേരിലാണ് വായ്പ തട്ടിപ്പു നടന്നത്. യൂണിയൻ ബാങ്ക് കലവൂർ ശാഖയുമായുള്ള വായ്പ ഇടപാടിൽ മാത്രം 3.39 കോടി രൂപയുടെ ക്രമക്കേടാണു ള്ളത്. 60 മാസ കാലാവധിയിൽ യൂണിയൻ ബാങ്ക് നൽകിയ 5.66 കോടി വായ്പ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് നൽകുകയും 30 മാസത്തെ കാലാവധിക്കുള്ളിൽ തിരിച്ചു വന്ന തുക യൂണിയന്റെ തനത് ഫണ്ടെന്ന വ്യാജേന ചേർത്തല നഗരത്തിലെ സഹകരണബാങ്കിൽ നിക്ഷേപിച്ചെന്നും നേതാക്കൾ ആരോപിച്ചു.
ശ്രീകണ്ഠേശ്വരം സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കവേ വിദ്യാഭ്യാസ സംഭാവനയായി ലഭിച്ച കോടിക്കണക്കിനു രൂപ കണക്കിൽ പെടുത്താതെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്നും ഇവർ പറഞ്ഞു.
മഹേശൻ സ്വയം വിശുദ്ധനായി പ്രഖ്യാപിച്ചാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും കെ.എൽ. അശോകനേയും തുഷാർ വെള്ളാപ്പള്ളിയേയും അധിക്ഷേപിച്ച് ജീവനൊടുക്കിയത്. വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.