ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക റെക്ടര്‍
Sunday, August 2, 2020 12:15 AM IST
കൊച്ചി: റോമിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു റോം രൂപത നല്കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതിരൂപതാംഗം ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപതയുടെ അതിര്‍ത്തികൾക്കുള്ളിൽ താമസിക്കുന്ന സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശപ്രകാരമാണു റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് നിയമനം നടത്തിയത്.
പുതുക്കാട് പാണാട്ടുപറമ്പില്‍ വറീതിന്റെയും ത്രേസ്യാമ്മയുടെയും മകനായ ഫാ. ബാബു1990ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2004ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി. അതിരൂപത യുവജന ഡയറക്ടര്‍, മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍, അതിരൂപതാ നോട്ടറി, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ്, ആലോചനാ സമിതി അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
അരണാട്ടുകര പള്ളി വികാരിയായിരിക്കുമ്പോഴാണു പുതിയ നിയമനം. സെപ്റ്റംബര്‍ ഒന്നിനു ഫാ. പാണാട്ടുപറമ്പില്‍ ചുമതലയേല്‍ക്കും.