കെഎസ്എഫ്ഇക്ക് ഒന്നും മറച്ചുവയ്ക്കാനില്ല: ചെയർമാൻ
Sunday, November 29, 2020 12:48 AM IST
പത്തനംതിട്ട: കെഎസ്എഫ്ഇക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും വിജിലൻസ് പരിശോധനയെ സ്വാഗതം ചെയ്യുന്നു വെന്നും ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ചില ബ്രാഞ്ചുകളിലെ പരിശോധനയുടെ പേരിൽ പ്രചരിക്കുന്ന പല കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്. പരിശോധനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കിൽ മാനേജിംഗ് ഡയറക്ടർ വിജിലൻസിനു മുന്നിൽ ഹാജരാകാൻ തയാറാണ്.കെഎസ്എഫ്ഇ വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്നും പ്രവർത്തനങ്ങളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ തിരുത്താൻ തയാറാണെന്നും ചെയർമാൻ പറഞ്ഞു.സെക്യൂരിറ്റി തുക നൽകാതെ ചിട്ടി ആരംഭിച്ചുവെന്ന പ്രചാരണം അസത്യമാണ്. കെഎസ്എഫ്ഇക്കായാലും സ്വകാര്യ സ്ഥാപനത്തിനായാലും ചിട്ടി ആരംഭിക്കണമെങ്കിൽ ട്രഷറിയിൽ പണം അടച്ച രസീതുകൾ ചിട്ടി രജിസ്ട്രാറിനു മുന്നിൽ ഹാജരാക്കണം. ചിട്ടി നടത്തിപ്പിലെ വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കെഎസ്എഫ്ഇ നടപടിയെടുത്തിട്ടുണ്ട്.
കെഎസ്എഫ്ഇയിൽ ബിനാമി പേരിൽ ഉദ്യോസ്ഥർ ചിട്ടി നടത്തുന്നുവെന്ന ആരോപണം ശരിയല്ല. അക്കൗണ്ട് വഴിയോ ചെക്ക് മുഖേനയോ ആണ് എല്ലാ പണം കൈമാറ്റവും നടക്കുന്നത്. ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ നൽകുന്നവർക്കു മാത്രമേ ചിട്ടിയിൽ ചേരാൻ കഴിയൂ. ചിട്ടിത്തുക കെഎസ്എഫ്ഇ നേരിട്ട് കൈപ്പറ്റുന്നത് ആദായനികുതി ചട്ടപ്രകാരമാണ്. കൂടുതൽ പണമുണ്ടെങ്കിൽ ചെക്കായി വാങ്ങും. ചിട്ടിപ്പണം കൊടുക്കുന്നത് ബാങ്ക് അക്കൗണ്ട്, ചെക്ക് എന്നിവ വഴിയാണ്. അംഗീകരിച്ച ബാങ്കിംഗ് സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ചേ കെഎസ്എഫ്ഇയിൽ പണം കൈമാറാാനാവൂ.
സ്വർണപ്പണയ നിക്ഷേപത്തിൽ കെഎസ്എഫ്ഇ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപവും അടിസ്ഥാന രഹിതമാണ്. മിക്കവാറും ബ്രാഞ്ചുകളിലും സ്ട്രോംഗ് റൂമുകളുണ്ട്. ഇല്ലാത്തിടത്ത് സ്വർണം സൂക്ഷിക്കാൻ ആർബിഐ മാനദണ്ഡങ്ങൾക്ക് വിധേയമായി ജുവൽ ബോക്സുകളുണ്ട്. 50വർഷമായി ലാഭത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 45040 കോടി രൂപയായി ബിസിനസ് വർധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് 2000 കോടിയുടെ നിക്ഷേപവർധനയുണ്ടായി. 14620 കോടി രൂപയുടെ നിക്ഷേപമാണ് കെഎസ്എഫ്ഇയിൽ ഇപ്പോഴുള്ളത്.
കഴിഞ്ഞ സാന്പത്തിക വർഷം നികുതി നൽകിക്കഴിഞ്ഞ് കെഎസ്എഫ്ഇയ്ക്ക് 328 കോടി രൂപയുടെ ലാഭമുണ്ട്.