അഭിമന്യു വധം: പ്രധാനപ്രതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
Saturday, April 17, 2021 1:29 AM IST
ചാരുംമൂട്: വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന വള്ളികുന്നം പുത്തൻചന്ത അന്പിളി ഭവനത്തിൽ അന്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു(15)വിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഉൾപ്പെടെ രണ്ടുപേർ പോലീസ് പിടിയിൽ. ആർഎസ്എസ് പ്രവർത്തകരായ പടയണിവെട്ടം പുത്തൻപുരക്കൽ സജയ് ദത്ത് (21), വള്ളികുന്നം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതിൽ പ്രധാന പ്രതി സജയ് ദത്ത് ഇന്നലെ രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
വിഷ്ണുവിനെ വള്ളികുന്നം പോലീസ് പിടികൂടുകയായിരുന്നു. കീഴടങ്ങിയ സജയ് ദത്തിനെ പാലാരിവട്ടം പോലീസ് വള്ളികുന്നം പോലീസിനു കൈമാറി. ക്ഷേത്ര മൈതാനത്ത് അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് പോലീസ് കണ്ടെത്തൽ. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9.30 നാണ് സംഭവം നടന്നത്. ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവച്ച് അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു.
അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ്ദത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കേസിലെ അഞ്ചു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസ്, വള്ളികുന്നം സിഐ മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് കേസ് അന്വേഷിക്കുന്നത്.
അഭിമന്യുവിന്റെ സംസ്കാരം ഇന്നലെ നടന്നു. ഓച്ചിറ ചൂനാട് വഴി വിലാപയാത്രയായി എത്തിച്ച ഭൗതിക ശരീരം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വീട്ടിലെത്തിച്ച ഭൗതിക ശരീരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിച്ചു.