സിഎസ്ഐ സഭ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്നുമുതൽ ചെന്നൈയിൽ
Sunday, September 26, 2021 10:02 PM IST
തിരുവനന്തപുരം : ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ)യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്നു സിഎസ്ഐ മോഡറേറ്റർ റവ. എ. ധർമരാജ് റസാലം ചെന്നൈയിൽ ഉദ്ഘാടനം ചെയ്യും. ചെന്നൈ സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കുന്ന പ്രഭാത ആരാധനയ്ക്കു സഭയുടെ 24 ബിഷപ്പുമാർ നേതൃത്വം നൽകും.
തുടർന്ന് സിഎസ്ഐ സിനഡ് സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വിശിഷ്ടാതിഥിയായിരിക്കും. കൂടാതെ മന്ത്രിമാരും സാമൂഹിക, രാഷ്ട്രീയ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഓണ്‍ലൈൻ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളിൽ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും സ്ത്രീകൾ, യുവജനങ്ങൾ, കുട്ടികൾ, അശരണർ എന്നിവരുടെ ക്ഷേമത്തിനായുള്ള വിവിധ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആംഗ്ലിക്കൻ, കോണ്ഗ്രിഗേഷൻ, പ്രസ്ബിറ്റീരിയൻ, മെതഡിസ്റ്റ്, ബാസൻ മിഷൻ എന്നീ സഭാവിഭാഗങ്ങൾ യോജിച്ചാണ് 1947 സെപ്റ്റംബർ 27ന് സിഎസ്ഐ രൂപീകൃതമായത്.