ബസ് ചാർജ് കൂട്ടാൻ ധാരണ
Sunday, November 21, 2021 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ഇന്നലെ ചേർന്ന മന്ത്രിതലയോഗത്തിൽ തത്വത്തിൽ ധാരണയായി. എന്നാൽ, വർധന നടപ്പാക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടി. ചാർജ് വർധന എന്നു മുതലാണെന്നു വൈകാതെ തീരുമാനിക്കും. രാമചന്ദ്രൻ കമ്മീഷനുമായി ആലോചിച്ചു നിരക്ക് തീരുമാനിക്കുമെന്നും സ്വകാര്യബസ് ഉടമകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി ആന്റണി രാജു പറഞ്ഞു.
ബസുടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ല. ബസുടമകളുടെ ആവശ്യങ്ങൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭാരമാകാതെ എങ്ങനെ നടപ്പാക്കാമെന്നാണു സർക്കാർ പരിശോധിക്കുന്നത്. ബസ് ചാർജ് വർധന സംബന്ധിച്ച് പഠനം നടത്തിയ രാമചന്ദ്രൻ കമ്മീഷൻ നേരത്തേ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ചാർജ് വർധിക്കുന്പോൾ കഴിഞ്ഞ തവണത്തെ വർധനയിൽ ഫെയർസ്റ്റേജിലെ ഉത്തരവിൽ ചില അപകാതകൾ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ ഓരോ സ്റ്റേജിലെയും വർധന സംബന്ധിച്ച് വ്യക്തതവരുത്തണം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിനിമം ചാർജ് എട്ടു രൂപയിൽനിന്നു 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.