ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം
Tuesday, August 9, 2022 12:39 AM IST
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.
കേരളത്തിൽനിന്നും പരമാവധി എംപിമാരെ ലോക്സഭയിൽ എത്തിക്കണമെന്ന റിപ്പോർട്ടിലെ പ്രത്യേക പരാമർശം അടുത്ത ദിവസങ്ങളിൽ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിക്കും. ഇതിനുശേഷം പ്രവർത്തനങ്ങളെ സംബന്ധിച്ച വ്യക്തമായ രൂപരേഖ തയ്യാറാക്കാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സർക്കാരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കാനിടയായ വിവാദവും ഇപ്പോൾ ഗവർണർ വീണ്ടും സർക്കാരുമായി ഓർഡിനൻസുകളുടെ പേരിൽ ഉടക്കി നിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി നേതൃയോഗം പരിശോധിക്കും.