കുടുംബശ്രീ സംസ്ഥാന കലോത്സവം: ഒരുമയുടെ സന്ദേശവുമായി അരങ്ങുണർന്നു
Saturday, June 3, 2023 1:52 AM IST
തൃശൂർ: മൂന്നു ദിവസങ്ങളിലായി തൃശൂരിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2023’ന് തിരശീലയുയർന്നു. ആദ്യദിനത്തിൽ 11 ഇനങ്ങൾ പിന്നിടുമ്പോൾ 48 പോയിന്റുമായി കണ്ണൂരും കോഴിക്കോടും ഒന്നാമതായി മുന്നേറുന്നു. നിലവിലെ ജേതാക്കളായ കാസർഗോഡ് ജില്ല 44 പോയിന്റോടുകൂടി രണ്ടാം സ്ഥാനത്തും 35 പോയിന്റുമായി തൃശൂരും പാലക്കാടും മൂന്നാം സ്ഥാനത്തുമുണ്ട്.
ബാലഭവൻ, സാഹിത്യ അക്കാദമി, വികെഎൻ ഇൻഡോർ സ്റ്റേഡിയം, വൈഡബ്ല്യൂസിഎ ഹാളുകളിലായി ചിത്രരചന പെൻസിൽ, കൊളാഷ്, ചിത്രരചന ജലച്ചായം, കാർട്ടൂൺ,കവിതാരചന- മലയാളം, കന്നട തമിഴ്, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, കഥാരചന- കന്നട, തമിഴ്, മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ് എന്നീ സ്റ്റേജ് ഇതര മത്സരങ്ങളും സ്റ്റേജിന മത്സരങ്ങളായ കവിത പാരായണം അറബി, തമിഴ്, ഇംഗ്ലീഷ്, കന്നട, ഹിന്ദി, മലയാളം, മാപ്പിളപ്പാട്ട്, കൂളിപ്പാട്ട്, മരംകൊണ്ടു പാട്ട്, കണ്ണേറു പാട്ട് മത്സരങ്ങളാണ് ഇന്നലെ നടന്നത്.
ആദ്യമായാണു കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനു ജില്ല ആതിഥ്യമരുളുന്നത്. ഒന്‍പതു വേദികളിലായി സംസ്ഥാനത്തെ 2,570 കലാപ്രതിഭകളാണു മാറ്റുരയ്ക്കുന്നത്.
ഇന്നലെ വൈകുന്നേരം നടുവിലാല്‍ പരിസരത്തുനിന്നു വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
റൂറല്‍ പോലീസ് സൂപ്രണ്ട് ഐശ്വര്യ ദോഗ്ര ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കലാമത്സരങ്ങൾ രാവിലെമുതൽ ആരംഭിച്ചു.
വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഗസൽ ഗായിക ഇമ്തിയാസ് ബീഗം മുഖ്യാതിഥിയായിരുന്നു. എ.സി. മൊയ്തീൻ എംഎൽഎ മികച്ച ലോഗോയ്ക്കുള്ള സമ്മാനം വിതരണം ചെയ്തു. എംഎൽഎമാരായ മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, സേവിയർ ചിറ്റിലപ്പിള്ളി, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കുടുംബശ്രീ ഗവേർണിംഗ് ബോഡി മെമ്പർ കെ.ആർ. ജോജോ തുടങ്ങിയവർ പങ്കെടുത്തു.