മെഡിസെപ്പിലെ അപാകതകൾ ഉടൻ പരിഹരിക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
Wednesday, April 17, 2024 11:52 PM IST
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യസുരക്ഷ മുൻനിർത്തി സർക്കാർ ആരംഭിച്ച മെഡിസെപ് പദ്ധതിയിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
പദ്ധതി സംസ്ഥാനത്താകമാനം താറുമാറായ അവസ്ഥയിലാണ്. പല ആശുപത്രികളിലും മെഡിസെപ് നടപ്പാക്കുന്നില്ല. ജില്ലാ നോഡൽ ഓഫീസർമാരും ഇതിൽ കാര്യമായി ഇടപെടുന്നില്ല. അധ്യാപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചികിത്സാ സംവിധാനം സർക്കാരിന്റെ അനാസ്ഥ മൂലം അവതാളത്തിലാണ്. എല്ലാ മാസവും 500 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽനിന്നും കൃത്യമായി പിടിച്ചിട്ടും ഒരു പ്രതിസന്ധി ഘട്ടത്തിൽ ചികിത്സയ്ക്കു ചെല്ലുമ്പോൾ അധികൃതർ ചിറ്റമ്മനയം സ്വീകരിക്കുകയാണ്.
മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയും, പരാതികൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ സ്വീകരിച്ചും ജില്ലാ അടിസ്ഥാനത്തിൽ നോഡൽ ഓഫീസർ വേണ്ട ശ്രദ്ധ ചെലുത്തിയും, കൂടുതൽ ആശുപത്രികളിൽ ചികിത്സ ഒരുക്കിയും ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഗിൽഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കോട്ടപ്പുറത്തു നടന്ന പ്രതിഷേധയോഗം സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, കോട്ടപ്പുറം രൂപത കോർപറേറ്റ് മാനേജർ ഫാ. ഷിജു കല്ലറയ്ക്കൽ, അസോ. മാനേജർ ഫാ. സിബിൻ കല്ലറയ്ക്കൽ, രൂപത പ്രസിഡന്റ് ഡെന്നി പുത്തൻവീട്ടിൽ, ജീബ പൗലോസ്, എ.ഡി. സാബു, ടോമി ആന്റണി, ലെങ്കി ഫ്രാൻസിസ്, നവനീദ്, ഷീന എന്നിവർ പ്രസംഗിച്ചു.