അത്രമേൽ പ്രിയപ്പെട്ട പാപ്പാ..! ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ
Tuesday, April 22, 2025 2:59 AM IST
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയോടൊപ്പം മൂന്നു വർഷം റോമിൽ ശുശ്രൂഷ ചെയ്തതിന്റെ അഭിമാനസ്മൃതിയിലാണ് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. 2013 ഏപ്രില്‍ ആറാം തീയതിയിലെ ദിവ്യബലിയർപ്പണവും അനുബന്ധ നിമിഷങ്ങളും ഒരിക്കലും മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറയുന്നു.
കുര്‍ബാനക്കുപ്പായം ധരിക്കാന്‍ സങ്കീർത്തിയിലെത്തിയപ്പോഴാണ് പെട്ടെന്ന് പാപ്പാ കടന്നുവന്നത്. അവിടെയുണ്ടായിരുന്നതില്‍ വളരെ ലളിതമായ ഒരു കുർബാന കുപ്പായം എടുത്ത് അദ്ദേഹവും ധരിച്ചു. കുര്‍ബാന അര്‍പ്പിക്കുന്നത് ഫ്രാന്‍സിസ് പാപ്പായോടൊപ്പമാണെന്ന സന്തോഷത്തിലായിരുന്നു താനെന്ന് ഡോ. കളത്തിപ്പറന്പിൽ പറഞ്ഞു.
“പ്രായമായ എന്റെ അമ്മയ്ക്ക് ഒരു ആശീര്‍വാദം നല്‍കണം’’. എന്റെ വാക്കുകൾ കേട്ട് അദ്ദേഹം എന്റെ ശിരസില്‍ കൈവച്ച് അമ്മയ്ക്ക് ആശീര്‍വാദം നല്കി. അള്ത്താരയിലെത്തിയപ്പോള് അദ്ദേഹത്തിന്റെ വലതുഭാഗത്ത് നില്‍ക്കാനുള്ള ഊഴം എനിക്കായിരുന്നു. ഏഴുമണിക്ക് ആരംഭിച്ച കുര്‍ബാന 7.35 ആയപ്പോഴേക്കും കഴിഞ്ഞു. അതിനിടയില്‍ അദ്ദേഹത്തിന്റെ കൊച്ചു പ്രസംഗവും ഉണ്ടായിരുന്നു.
കുര്‍ബാന കഴിഞ്ഞ് കുപ്പായം അഴിച്ചുവച്ച് പാപ്പാ നീങ്ങി. എന്റെ ശ്രദ്ധ മുഴുവന്‍ പാപ്പായില്‍ ആയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ചാപ്പലിന്റെ പിന്‍ഭാഗത്തുള്ള ഒരു ബെഞ്ചില്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നു. തനിക്കായി ഒരു പ്രത്യേക ഇരിപ്പിടം റിസര്‍വ് ചെയ്യുന്നതിനോട് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു.
എളിമയുടെ ആള്‍രൂപം ആയിരുന്ന പാപ്പാ എപ്പോള്‍ കണ്ടാലും സ്നേഹസംഭാഷണത്തിന് സമയം കണ്ടെത്തുമായിരുന്നു. വത്തിക്കാന്‍ കാര്യാലയത്തിലെ കുടിയേറ്റക്കാരുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യാലയത്തിന്റെ ചുമതലക്കാരനായിരുന്നു ഞാന്‍.
ലിഫ്റ്റിലോ വരാന്തകളിലോ എന്നെ കണ്ടുമുട്ടുമ്പോഴെല്ലാം ജോലിയെക്കുറിച്ചും കുടിയേറ്റക്കാരെകുറിച്ചും പാപ്പാ ചോദിക്കുമായിരുന്നു. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളില്‍ പാപ്പാ എപ്പോഴും ആശങ്കാകുലനായിരുന്നു.
പാപ്പായായ ശേഷം അദ്ദേഹം ആദ്യ സന്ദര്‍ശനം നടത്തിയത് അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്ന ലാമ്പേദൂസ എന്ന ഇറ്റാലിയന്‍ ദ്വീപിലേക്ക് ആയിരുന്നുവെന്നും ആർച്ച്ബിഷപ് ഓർക്കുന്നു.