ദീപികയുടെ സാമൂഹികപ്രതിബദ്ധതാ മുന്നേറ്റം ഡിസിഎല്ലിലൂടെ...
Friday, July 25, 2025 5:43 AM IST
കൊച്ചേട്ടന്റെ കത്ത്
അവരെ കാണാതെ പഠിക്കാം
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ശ്രദ്ധിച്ച ചില കാര്യങ്ങൾ ഡിസിഎൽ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത് നല്ലതാണ് എന്നു തോന്നുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവരുടെ സമൂഹബോധം എന്നെ അത്ഭുതപ്പെടുത്തി. ഒരുവശത്ത് സർക്കാരിന്റെ കൃത്യമായ കർമ്മബോധം, മറുവശത്ത് ജനങ്ങളുടെ പിഴവു വരാത്ത കർത്തവ്യബോധം.
എന്റെ സ്നേഹിതരായ വൈദികരോടൊപ്പം യാത്രചെയ്യുന്പോൾ ഓരോ വീടിനു മുന്പിലും നാലടിയെങ്കിലും ഉയരമുള്ള ബക്കറ്റുകൾ പോലുള്ള, അടിയിൽ ഒരുവശത്ത് ചക്രമുള്ള വലിയ അടപ്പുള്ള ജാറുകൾ വച്ചിരിക്കുന്നതു കണ്ടു. ഓരോ വീട്ടിലും മൂന്നു നിറത്തിലുള്ള മൂന്നു ജാറുകളാണുള്ളത്. വീടിന്റെ വാതിലിന്റെ പകുതിയോളം വലിപ്പമുള്ള ഈ ജാറുകൾ എന്തിനാണ്?
രണ്ടു പതിറ്റാണ്ടോളമായി ജർമ്മനിയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തൊടുപുഴക്കാരനും എന്റെ സഹപാഠിയുമായ ഫാ. റോയി അഞ്ചാനിക്കൽ സിഎംഐ ജർമ്മൻ ജനതയുടെ സംഘടിതമായ സമൂഹബോധത്തെപ്പറ്റി പറഞ്ഞുതന്നു.
വീടിനു മുന്നിലെ ഈ വലിയ പാത്രങ്ങൾ കാരണമാണ് ഈ റോഡുകൾ ഇത്ര വൃത്തിയായിരിക്കുന്നത്. വീട്ടിലുള്ളവർ, പുറത്തിരിക്കുന്ന ഓരോ പാത്രത്തിലും വീട്ടിലെ മാലിന്യങ്ങൾ ശ്രദ്ധയോടെ ഇട്ടുവയ്ക്കും. ആഴ്ചയിലൊരിക്കൽ വരുന്ന ലോറിയിൽ മൂന്നു പാത്രത്തിലെയും മാലിന്യങ്ങൾ വെവ്വേറെ സംഭരിക്കുന്നു. മൂന്നു നിറങ്ങളിൽ ഒന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക്, രണ്ട് ഭക്ഷണ മാലിന്യങ്ങൾക്ക്, മൂന്നു മറ്റു ഖരവസ്തുക്കൾക്ക്. ഇങ്ങനെ മാലിന്യം ശേഖരിക്കാനുള്ള ഈ ജാറുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലേ, മുനിസിപ്പാലിറ്റി വീടുകൾക്ക് രജിസ്ട്രേഷൻ നൽകുകയുള്ളൂ. ഒന്നോ രണ്ടോ വീട്ടിലല്ല, എല്ലാ വീട്ടിലും, മുട്ടിലിഴയുന്ന കുട്ടി മുതൽ, കട്ടിലിൽ കിടക്കുന്ന വൃദ്ധർ വരെ അണുവിട തെറ്റാതെ ഈ സമൂഹസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട്!
സംസ്കാരത്തിന്റെ സൂര്യൻ പടിഞ്ഞാറാണോ ഉദിക്കുന്നത്? അതാണോ, യൂറോപ്യൻ ജനതയ്ക്ക് സമൂഹ നിയമപാലനത്തിൽ ഇത്രയേറെ കൃത്യതാബോധം?
"കാണാതെ പഠിക്കുക' എന്നത് എല്ലാ വിദ്യാർഥികളായ കൂട്ടുകാർക്കും ബാല്യംമുതലുള്ള ശീലമായിരിക്കാം. പല ഉത്തരങ്ങളും നിങ്ങൾ കാണാതെ പഠിച്ച്, അതുപോലെതന്നെ ഉത്തരമെഴുതാറുമുണ്ട്. എന്നാൽ, ഈ കത്തിന്റെ ശീർഷകം നല്കിയിരിക്കുന്നതും അതിനു ശേഷമുള്ള ചെറിയ അനുഭവ വിവരണവും വായിക്കുന്ന കൂട്ടുകാർ, നമ്മൾ ജർമ്മൻകാരെ കാണാതെ പഠിച്ച്, അവരുടെ മികച്ച സമൂഹസംരക്ഷണബോധം അതേപോലെ പകർത്താം എന്നാണു ഞാൻ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ടാകാം, അല്ലേ? അവരെ കാണാതെതന്നെ നമുക്കു പഠിക്കാം എന്നാണ്, നമ്മെ കണ്ട്, നമ്മുടെ നാടിന്റെ നന്മകൾ കണ്ട് നമുക്കു പഠിക്കാം എന്നാണ്, ഞാൻ ഉദ്ദേശിച്ചത്. ജർമ്മനിയെ കാണാതെ പഠിച്ചാൽ നമുക്കു നമ്മുടെ ഭാരതത്തെ പുതുക്കിപ്പണിയാനാകുമോ? ഒരിക്കലുമില്ല.
പലതും നമ്മൾ കണ്ടിട്ടും പഠിക്കില്ല. നമ്മുടെ പരിസര ശുചീകരണം എന്നത് നമ്മുടെ സംസ്കാരത്തിന്റെ സൂചകംതന്നെയാണ്. എത്ര ബോധന പരിശ്രമങ്ങൾ നമ്മൾ നടത്തി. ഭരണപ്രമുഖന്മാർ എത്ര തവണ ഗാന്ധിജയന്തിദിനത്തിൽ ചൂലുംപിടിച്ച്, കാമറകളുടെ മുന്നിൽ നടന്നു! എന്നിട്ടും എന്റെ മുറ്റത്തിന്റെ അപ്പുറം, എന്റെ ഗെയ്റ്റിന്റെ മറുവശം, എനിക്കു തുപ്പാനും എന്റെ ചപ്പും ചവറും വലിച്ചെറിയാനുമുള്ള ഇടമല്ല എന്ന് നമ്മൾ ആരെ കണ്ടുപഠിക്കും? എത്ര മാന്യനായാലും ആരും കാണാതെ പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയാൻ ഒരു ജാള്യതയുമില്ലാത്തതെന്താണ്? നമ്മൾ ഇപ്പോഴും പരസ്പരം ജീവിക്കാൻ സഹായിക്കാത്ത, പക്വതയില്ലാത്ത, അസംസ്കൃത ശീലങ്ങളുടെ തോന്ന്യാസങ്ങളുടെ അടിമകളാണോ? പ്രിയ കൂട്ടുകാരേ, നമുക്ക് അവരെ കാണാതെ പഠിക്കാനാകുന്നില്ലെങ്കിൽ, നല്ല കാര്യങ്ങൾ കണ്ടുപഠിക്കുന്നതിൽ തെറ്റൊന്നുമില്ല.
നമുക്കു കുലീനമായ പെരുമാറ്റം ശീലിക്കാം. നല്ല വൃത്തിയുള്ള വ്യക്തിത്വം രൂപീകരിക്കാം. സുന്ദരമായ പരിസരം പണിതുയർത്താം.
ആശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
മേഖല, പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ
ദീപിക ബാലസഖ്യം മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15-നു മുന്പ് പൂർത്തിയാകും. ശാഖകളിൽനിന്നുതെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരിൽനിന്നാണ് മേഖലാ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ (ആൺകുട്ടിയും പെൺകുട്ടിയും), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, കൗൺസിലർമാർ (ആൺകുട്ടിയും പെൺകുട്ടിയും) എന്നിവരെയാണു തെരഞ്ഞെടുക്കേണ്ടത്. കൂടാതെ ശാഖാ ഡയറക്ടർമാരിൽനിന്നും മേഖലാ എക്സിക്യുട്ടീവ് കൗൺസിലിനെയും തെരഞ്ഞെടുക്കേണ്ടതാണ്.
ഒരു പ്രവിശ്യയിലെ വിവിധ മേഖലകളിലെ കൗൺസിലർമാരിൽനിന്നു പ്രവിശ്യാ ഭാരവാഹികളെ തെരഞ്ഞെടുക്കും. പ്രവിശ്യാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15-നു മുന്പു പൂർത്തിയാകുന്നതാണ്.
സെന്റ് തെരേസാസ് സ്കൂൾ ശാഖ ഉദ്ഘാടനം
വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ ഡിസിഎൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോർജ്ജ് മാന്തുരുത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്റ്റസ് സിസ്റ്റർ അനിജ ആലഞ്ചേരിൽ ആമുഖ സന്ദേശം നൽകി.
സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി വലിയപ്ളാക്കൽ അധ്യക്ഷത വഹിച്ചു.ഡിസിഎൽ മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു.പി റ്റി എ പ്രസിഡന്റ് ജീൻ വി സോജൻ,ഡിസിഎൽ ഡയറക്ടേഴ്സ് എന്നിവർ പ്രസംഗിച്ചു.