സൂപ്പർഫാസ്റ്റ് ശബരി എക്സ്പ്രസ് ഇനി തിരുവനന്തപുരം ഡിവിഷന്
എസ്.ആർ. സുധീർ കുമാർ
Friday, July 25, 2025 5:43 AM IST
കൊല്ലം: സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയി ഉയർത്തുന്നതോടെ സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇനി തിരുവനന്തപുരം ഡിവിഷന് സ്വന്തമാകും.
നിലവിൽ ശബരി എക്സ്പ്രസ് സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്ദരാബാദ് ഡിവിഷന് കീഴിലായിരുന്നു. ശബരി (17229/17230) സൂപ്പർഫാസ്റ്റ് ആക്കി മാറ്റുന്നതിനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് കഴിഞ്ഞ ദിവസം അംഗീകരിച്ചു. സെപ്റ്റംബര്‍ 29 മുതലാണ് ശബരി സൂപ്പര്‍ഫാസ്റ്റ് ആയി സര്‍വീസ് ആരംഭിക്കുക. സൂപ്പര്‍ഫാസ്റ്റ് ആകുന്നതോടെ ട്രെയിന്‍ നമ്പറിലും മാറ്റമുണ്ട്. 20630, 20629 എന്നിങ്ങനെയാണ് പുതിയ നമ്പര്‍.
ശബരിയുടെ അറ്റകുറ്റപ്പണികൾ ഇനി തിരുവനന്തപുരത്താണ് നടക്കുക. ഇതോടെയാണ് ശബരി തിരുവനന്തപുരം ഡിവിഷന് കീഴിലാകുന്നത്.
സമയത്തിലും മാറ്റംവരും. രാവിലെ 6.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.45ന് സെക്കന്ദരാബാദ് ജംഗ്ഷനിലെത്തുന്ന രീതിയാണ് നിലവിൽ. എന്നാല്‍, സെപ്റ്റംബര്‍ 29 മുതൽ ട്രെയിന്‍ രാവിലെ 11ന് സെക്കന്ദരാബാദിലെത്തും. ഉച്ചയ്ക്ക് 12.20ന് സെക്കന്ദരാബാദില്‍നിന്ന് പുറപ്പെടുന്നതിന് പകരം സെപ്റ്റംബര്‍ 29 മുതല്‍ ഉച്ചകഴിഞ്ഞ് 2.45നാകും യാത്രതിരിക്കുക. പിറ്റേദിവസം വൈകുന്നേരം 6.20ന് തിരുവനന്തപുരത്ത് എത്തും.