മരട് ഫ്ളാറ്റ്: കേന്ദ്ര സർക്കാർ കക്ഷിയല്ലെന്നു പരിസ്ഥിതി മന്ത്രി
Friday, September 20, 2019 12:16 AM IST
ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെ ത്തി മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ കക്ഷിയല്ലെന്നു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. ഫ്ളാറ്റ് നിർമിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാരിനാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വം. കേസിൽ കക്ഷി ചേരാൻ കേന്ദ്രത്തോടു കോടതി നിർദേശിച്ചിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
മരട് ഫ്ളാറ്റുകൾ നിർമിക്കുന്നതിനായി പരിസ്ഥിതി ലംഘനം നടത്തിയവർക്കെതിരേ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കുറ്റക്കാരായ നിർമാതാക്കൾ, ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലപ്പെട്ടവർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണം. കുറ്റക്കാരായവരിൽ നിന്നു നിയമ ലംഘനത്തിനു പിഴ ഈടാക്കണം. ഈ വിഷയത്തിൽ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് ഒരു നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.