വെൽഡൻ മോദിജി: കോണ്‍ഗ്രസ്
Friday, April 16, 2021 1:41 AM IST
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാനസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്ത കേന്ദ്രസർക്കാരിനു കോണ്‍ഗ്രസിന്റെ അഭിനന്ദനം. വെൽഡൻ മോദിജി, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് പാർട്ടിയുടെയും ഉപദേശം കേൾക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതിന് ഏറെ നല്ലതാണെന്ന് കോണ്‍ഗ്രസിന്റെ ട്വീറ്റ് പറയുന്നു. ജനനന്മയ്ക്കായി ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ജനാധിപത്യ കടമയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിൽ സന്തോഷം ഉണ്ടെന്നും 12-ാം ക്ലാസിനും അന്തിമ തീരുമാനം ഉണ്ടാകണമെന്നും പ്രിയങ്ക വദ്ര ഗാന്ധി ട്വീറ്റ് ചെയ്തു. ജൂണ്‍ വരെ വിദ്യാർഥികളെ അനാവശ്യ സമ്മർദ്ദത്തിലാക്കുന്നത് അർഥശൂന്യവും അന്യായവുമാണെന്നും പ്രിയങ്ക പറഞ്ഞു. പരീക്ഷ റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തത് സ്വാഗതാർഹമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. തീരുമാനത്തിൽ സന്തുഷ്ടനാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വലിയ ആശ്വാസമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.