പിഎം-കിസാൻ: 18-ാം ഗഡു ഇന്നു കൈമാറും
Saturday, October 5, 2024 5:26 AM IST
മുംബൈ: പ്രധാൻമന്ത്രി -കിസാൻ സമ്മാൻ നിധി പദ്ധതിയിലെ 18-ാം ഗഡു ഇന്നു കൈമാറും. മഹാരാഷ്ട്രയിലെ വാഷിമിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ 9.4 കോടി കർഷകർക്കാണ് 2000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാകുക. ഇതിനായി 20,000 കോടി രൂപയാണു സർക്കാർ ചെലവിടുന്നത്.
ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, രാജീവ് രഞ്ജൻ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫട്നാവിസ് തുടങ്ങിയവർ പങ്കെടുക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് കർഷകരെ ഒപ്പം നിർത്താൻ പിഎം-കിസാൻ നിധിയിലെ 18-ാം ഗഡു കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.