മാലദ്വീപിൽ ഇന്ത്യൻ എംബസിയുടെ യോഗപരിപാടിക്കു നേരേ ആക്രമണം
Tuesday, June 21, 2022 11:51 PM IST
മാലെ: അന്താരാഷ്ട്ര യോഗദിനത്തിൽ മാലദ്വീപിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിക്കു നേരേ ആക്രമണം. തലസ്ഥാനമായ മാലെയിലെ സ്റ്റേഡിയത്തിലായിരുന്നു പരിപാടി.
ഇന്നലെ രാവിലെ നയതന്ത്രജ്ഞരും ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥരും അടക്കം 150 പേർ പങ്കെടുക്കുന്നതിനിടെ ജനക്കൂട്ടം അതിക്രമിച്ചുകയറുകയായിരുന്നു. ആളുകളെ ആക്രമിക്കുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
കലാപനിയന്ത്രണ സേന സ്ഥലത്തെത്തി കണ്ണീർവാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. ആറുപേർ അറസ്റ്റിലായെന്നു പോലീസ് അറിയിച്ചു.
സംഭവത്തെ ഏറെ ഗൗരവത്തോടെയാണു കാണുന്നതെന്നും ഉത്തരവാദികളെ ഉടനടി നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിക് ട്വീറ്റ് ചെയ്തു.