മോദിയെ അഭിനന്ദിച്ച് മക്രോൺ
Wednesday, September 21, 2022 11:28 PM IST
ന്യൂയോർക്ക്: “ഇത് യുദ്ധത്തിനു പറ്റിയ സമയമല്ല” എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോടു നേരിട്ടു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മക്രോൺ.
“മോദി പറഞ്ഞതു സത്യമാണ്. പടിഞ്ഞാറിനെതിരേ പ്രതികാരം ചെയ്യാനോ പടിഞ്ഞാറ് കിഴക്കിനെ എതിർക്കാനോ ഉള്ള സമയമല്ലിത്. വെല്ലുവിളികളെ ഒരുമിച്ചു നേരിടേണ്ട സമയമാണിത്. ലോകക്രമത്തെ അട്ടിമറിക്കുന്ന സംഭവങ്ങൾ നടക്കുന്പോൾ ചില രാജ്യങ്ങൾ നിശബ്ദത പാലിക്കുന്നത് ശരിയല്ല” മക്രോൺ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ഉസ്ബക്കിസ്ഥാനിൽ നടന്ന ഷാംഗ്ഹായ് സഹകരണസമിതി ഉച്ചകോടിക്കിടെയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയത്. സമാധാനപാതയിൽ മുന്നേറാനുള്ള മാർഗങ്ങൾ ജനാധിപത്യവും നയതന്ത്രവും തുറന്നുതരുന്നതായി മോദി പുടിനോടു പറഞ്ഞു.