വാട്ടർ മെട്രോയ്ക്കു തീരദേശ പരിപാലന നിയമ അനുമതിയായി
Friday, October 11, 2019 11:54 PM IST
കൊച്ചി: സംയോജിത ഗതാഗത സംവിധാനത്തിന്റെ ഭാഗമായി കെഎംആർഎൽ ആവിഷ്കരിച്ച വാട്ടർ മെട്രോ പദ്ധതിക്ക് പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ പാരിസ്ഥിതിക തീരദേശ പരിപാലന നിയമ (സിആർസെഡ്) അനുമതി ലഭിച്ചു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മന്ത്രാലയത്തിന് മുന്നിൽ ഇത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. വാട്ടർ മെട്രോ പദ്ധതിയുടെ പുരോഗതിക്ക് നിർണായകമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. കേരള തീരദേശ പരിപാലന അഥോറിറ്റി കഴിഞ്ഞ ഫെബ്രുവരിയിൽ പദ്ധതിക്ക് ശിപാർശ ചെയ്തിരുന്നു.
നദികളുടെയോ ജലസ്രോതസുകളുടെയോ ഒഴുക്കിനെ തടസപ്പെടുത്തുന്നതായ ഒരു ഇടപെടലും ഉണ്ടാകരുതെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ പദ്ധതിയും സുരക്ഷാ മാർഗനിർദേശങ്ങളും നടപ്പാക്കാൻ മന്ത്രാലയം അധികാരികളോട് ആവശ്യപ്പെട്ടു. ആധുനിക രീതിയിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ ബോട്ടുകളാണ് പദ്ധതിയിൽ ഉപയോഗിക്കേണ്ടത്.