മലേഷ്യക്കെതിരേ കൂടുതൽ വ്യാപാര നിയന്ത്രണങ്ങൾക്ക് ഇന്ത്യ
Thursday, January 16, 2020 12:27 AM IST
മുംബൈ: മലേഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾക്കു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. കാഷ്മീർ വിഷയത്തിലും പൗരത്വഭേദഗതി നിയമത്തെ സംബന്ധിച്ചും കേന്ദ്ര സർക്കാരിനെതിരേ മലേഷ്യൻ സർക്കാരിന്റെ ഭാഗത്തുനിന്നു പരാമർശമുണ്ടായ സാഹചര്യത്തിലാണു നടപടി.
മലേഷ്യയിൽനിന്നുള്ള മൈക്രോപ്രോസസറുകൾക്കും ടെലികോം ഉപകരണങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലുള്ള ഗുണമേന്മ പരിശോധന നടത്തിയ ശേഷമേ ഇനി മലേഷ്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യഅനുമതി നൽകൂ. നേരത്തെ മലേഷ്യയിൽനിന്നുള്ള പാംഓയിലിന് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് ഇന്ത്യൻ വ്യവസായികൾ മലേഷ്യയിൽനിന്നുള്ള പാംഓയിൽ ഇറക്കുമതി ഏതാണ്ട് പൂർണമായും നിർത്തിയിരുന്നു. അതേസമയം, ഇന്ത്യയുടെ വ്യാപാര നിയന്ത്രണങ്ങളിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കടുത്ത ആശങ്ക അറിയിച്ചു.
മലേഷ്യയിൽനിന്ന് ഏറ്റവുമധികം പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം 4.4 മില്യണ്‍ ടണ്‍ പാം ഓയിലാണ് ഇന്ത്യ വാങ്ങിയത്. മലേഷ്യയിൽനിന്നുള്ള പാം ഓയിൽ ഇറക്കുമതിക്കുള്ള നിയന്ത്രണം തുടർന്നാൽ ഇന്ത്യക്ക് പാം ഓയിലിനായി ഇന്തോനേഷ്യയെ കൂടുതലായി ആശ്രയിക്കേണ്ടിവരും.
പാംഓയിലിനു പുറമേ ഇലക്ട്രോണിക് ഉപകരണങ്ങൾ, ടെലികോം ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യ കൂടുതലായും മലേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്.