ക്ലോറോക്വിൻ കയറ്റുമതി നിരോധിച്ചു
Wednesday, March 25, 2020 11:07 PM IST
ന്യൂഡൽഹി: മലന്പനി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതു നിരോധിച്ചു. കോവിഡ്-19 ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാം എന്നു വന്ന സാഹചര്യത്തിലാണിത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്ലോറോക്വിൻ ഉപയോഗത്തെ ഈയിടെ പ്രോത്സാഹിപ്പിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ ഇപ്കാ ലാബോറട്ടറീസിനും സൈഡസ് കാഡില്ലയ്ക്കും ഈ ഉത്പന്നത്തിനു വലിയ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. ഇന്നലെ വരെയുള്ള കയറ്റുമതി ഓർഡറുകൾ പാലിക്കാം. കയറ്റുമതി പ്രോത്സാഹ മേഖലകളിലെയും പ്രത്യേക സാന്പത്തിക മേഖലകളിലെയും കയറ്റുമതിയും തുടരാം. ഇന്ത്യയിൽ മലന്പനി ചികിത്സയ്ക്കു തന്നെ ക്ലോറോക്വിൻ ധാരാളം ആവശ്യമുണ്ട്.
സാനിറ്റൈസർ, വെന്റിലേറ്റർ എന്നിവയുടെ കയറ്റുമതി ചൊവാഴ്ച നിരോധിച്ചിരുന്നു. സർജിക്കൽ മാസ്ക്, അതുനിർമിക്കാനുള്ള പ്രത്യേക തുണികൾ എന്നിവയുടെ കയറ്റുമതി കഴിഞ്ഞ വ്യാഴാഴ്ച നിരോധിച്ചു.