മോറട്ടോറിയം നീട്ടുന്നത് ആപത്ത്: ആർബിഐ
Sunday, October 11, 2020 12:25 AM IST
മുംബൈ: മോറട്ടോറിയം കാലവധി ആറു മാസത്തിലേറെ നീട്ടുന്നത് ബാങ്കിംഗ് സംവിധാനത്തിന്റെ അച്ചടക്കം നശിപ്പിക്കുമെന്നും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ).
കൂട്ടുപലിശ ഒഴിവാക്കുന്നത് ബാങ്കുകളുടെ സാന്പത്തിക ഭദ്രത തകർക്കുമെന്നും മോറട്ടോറിയം കേസിൽ ആർബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. താത്കാലിത മോറട്ടോറിയം കൂടുതൽ നീട്ടുന്നത് വായ്പയെടുത്തവരുടെ താത്പര്യത്തിനനുസൃതമായിരിക്കില്ല.
കോവിഡ് പരിഗണിച്ച് തിരിച്ചടവ് മുടങ്ങിയ വായ്പകളെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിന് സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ അപേക്ഷിക്കുന്നു. നിഷ്ക്രിയ ആസ്തിയായും കിട്ടാക്കടമായും പ്രഖ്യാപിച്ച് നടപടികൾ തുടങ്ങാൻ ബാങ്കുകളെ അനുവദിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ധനകാര്യവവസ്ഥ പ്രതിസന്ധിയിലാകുമെന്നും ആർബിഐ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞമാസമാണ് സുപ്രീംകോടതി തിരിച്ചടവ് മുടങ്ങിയ വായ്പകളെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിന് ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയത്.