ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്
Thursday, September 16, 2021 11:56 PM IST
മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 45-ാമത് ജിഎസ്ടി കൗണ്‍സിൽ ഇന്നു യോഗം ചേരും. കോവിഡ് രക്ഷാ മരുന്നുകൾക്കും മറ്റും ഏർപ്പെടുത്തിയ നികുതി ഇളവു കൗണ്‍സിൽ പുനഃപരിശോധിക്കും. കൂടുതൽ മരുന്നുകൾക്ക് നികുതി ഇളവ് നൽകുന്നതും കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതും കൗണ്‍സിൽ ചർച്ച ചെയ്തേക്കും. പെട്രോളിനും ഡീസലിനും ജിഎസ്ടി നിരക്ക് നിശ്ചയിക്കുന്നത് ജിഎസ്ടി കൗണ്‍സിൽ ചർച്ച ചെയ്യണമെന്ന് ജൂണിൽ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വലിയ തോതിൽ വരുമാന നഷ്ടമുണ്ടാകുമെന്നതിനാൽ കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെതിരാണ്.
സൊമാറ്റോ, സ്വിഗ്ഗി ഉൾപ്പെടെയുള്ള ഭക്ഷണ വിതരണ കന്പനികളെ റസ്റ്ററന്റുകളായി കണക്കാക്കി അവയുടെ ഭക്ഷണ വിതരണത്തിന് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്നതും കൗണ്‍സിൽ ചർച്ച ചെയ്യും.