ബിറ്റ്കോയിൻ തകരുന്നു; ഈ വർഷത്തെ ഇടിവ് 59%
Sunday, June 19, 2022 12:08 AM IST
മുംബൈ: ക്രിപ്റ്റോ കറൻസികളിൽ പ്രധാനിയായ ബിറ്റ്കോയിന്റെ മൂല്യത്തിൽ വൻ ഇടിവ്. ഇന്നലെ ബിറ്റ്കോയിൻ വില 7.1 ശതമാനമിടിഞ്ഞ് 18,732 ഡോളറിലെത്തി. 2020 ഡിസംബറിനുശേഷമുണ്ടാകുന്ന ഏറ്റവും കനത്ത ഇടിവാണിത്. ഈ വർഷം ഇതുവരെ ബിറ്റ് കോയിൻ മൂല്യത്തിൽ 59 ശതമാനമാണ് ഇടിവുണ്ടായത്. മറ്റൊരു ക്രിപ്റ്റോകറൻസിയായ ഈഥെറിന്റെ മൂല്യം ഈ വർഷം ഇടിഞ്ഞത് 73 ശതമാനമാണ്.
ലോകമെന്പാടും കേന്ദ്രബാങ്കുകൾ അടിസ്ഥാനപലിശ നിരക്ക് ഉയർത്തിയതോടെ നിക്ഷേപകർ നഷ്ട സാധ്യത കൂടിയ ആസ്തികൾ വിറ്റ് ഒഴിയുന്നതാണ് ബിറ്റ് കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികൾക്ക് വിനയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലോകമെന്പാടുമുള്ള ഓഹരിവിപണികളും നഷ്ടത്തിലായിരുന്നു. ക്രിപ്റ്റോ വിപണിയിൽ തകർച്ച രൂക്ഷമായതോടെ ഡിജിറ്റൽ കറൻസി സ്ഥാപനങ്ങളിൽ പലതും കനത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.
ക്രിപ്റ്റോകറൻസി കന്പനിയായ സെൽഷ്യസ് അക്കൗണ്ടുകൾ തമ്മിലുള്ള ഇടപാടുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കോയിൻ ബേസ് ഗ്ലോബൽ, ജെമിനി, ബ്ലോക്ഫൈ എന്നീ കന്പനികൾ തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.