മെഗാ ട്രേഡ് എക്സ്പോ ബുധനാഴ്ച തുടങ്ങും
Monday, September 19, 2022 12:48 AM IST
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്സ്പോയ്ക്ക് 21നു കലൂര്‍ സ്റ്റേഡിയത്തില്‍ തിരിതെളിയും. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സാന്റാ മോണിക്ക, ആസ്റ്റര്‍ മെഡ്സിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് 25 വരെ നീളുന്ന എക്സ്പോ സംഘടിപ്പിക്കുന്നത്.
21ന് രാവിലെ 11നു മന്ത്രി വി. അബ്ദുള്‍ റഹ്മാന് എക്സ്പോയുടെ പവലിയന് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രവാസി സെമിനാര്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി ഉദ്ഘാടനം ചെയ്യും. 22നു ഉച്ചകഴിഞ്ഞ് 3.30നു് എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് നിര്‍വഹിക്കും. ജിസിഡിഎ മുന്‍ ചെയര്മാന് സി.എന്‍. മോഹനന് അധ്യക്ഷത വഹിക്കും. 23നു രാവിലെ 10.30 മുതല്‍ സഹകരണ സെമിനാര്‍ നടക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന വ്യാവസായിക സംഗമം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വനം മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യാതിഥിയാകും.
24നു രാവിലെ 10നു മെഗാ ജോബ് ഫെയര്‍. 25നു രാവിലെ മോട്ടിവേഷന്‍ ക്ലാസും വൈകിട്ട് സമാപന സമ്മേളനവും നടക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ളവ കൂടുതല്‍ വികസിപ്പിക്കുന്നവര്ക്കുമെല്ലാം സഹായകരമാകുന്ന രീതിയിലാണ് എക്സ്പോയുടെ ക്രമീകരണം. വൈവിധ്യങ്ങളായ മുന്നൂറോളം സ്റ്റാളുകളും മികവിനുള്ള അവാര്‍ഡുകളും പുതിയ ബിസിനസുകളും പ്രൊഡക്ടുകളും ലോഞ്ച് ചെയ്യാനുള്ള അവസരവും എക്സ്പോ വേദിയിലൊരുക്കിയിട്ടുണ്ട്.
വാഹന പ്രേമികള്‍ക്കായി വെഹിക്കിള്‍ എക്സ്പോയും വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആവശ്യങ്ങളും ഒരു സ്റ്റാളിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വെഡിംഗ് എക്സ്പോയും നടത്തും. 21നു വൈകിട്ട് ആറു മുതല്‍ പാലാ പള്ളി ടീം, 22നു നഞ്ചിയമ്മയും സംഘവും 23നു വൈക്കം വിജയലക്ഷ്മിയും സംഘവും 24നു ഇമ്രാന്ഖാന്, ജിന്‍സ് ഗോപിനാഥ് സംഘവും, 25നു പ്രസീദ ചാലക്കുടിയും സംഘവും വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.