5ജി ഒക്ടോബർ ഒന്നു മുതൽ
Sunday, September 25, 2022 1:21 AM IST
ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ ഒന്നു മുതൽ 5ജി സേവനം ലഭ്യമാകും. പുതിയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിക്കും. 4ജിയെക്കാൾ പത്ത് മടങ്ങ് വേഗതയാണ് 5ജി വാഗ്ദാനം ചെയ്യുന്നത്.
5ജി എത്തുന്നതിലൂടെ രാജ്യത്തെ സാങ്കേതിക വിദ്യയിലും കണക്റ്റിവിറ്റിയിലും പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഏഷ്യയിലെ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ വേദിയായ ഡൽഹിയിലെ മൊബൈൽ കോണ്‍ഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾ നാടിനു സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ദേശീയ ബ്രോഡ്ബാന്റ് മിഷൻ അറിയിച്ചു.
ഇതുവഴി രാജ്യത്തിനു വൻ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. 5ജി സേവനങ്ങൾ ലഭ്യമാകുന്നതിലൂടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നഗരങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും 5ജി സേവനങ്ങൾ വ്യാപിപ്പിക്കും. 2030ഓടെ ഇന്ത്യയിലെ മൊത്തം കണക്ഷനുകളുടെ മൂന്നിലൊന്നിൽ കൂടുതലും 5ജി ആകും. 2ജി, 3ജി എന്നിവയുടെ വിഹിതം പത്തു ശതമാനത്തിൽ താഴെയായി ചുരുങ്ങുമെന്നും കണക്കുകൂട്ടുന്നു.