26 വായ്പാ ആപ്പുകൾ നിരോധിച്ചു: കേന്ദ്രമന്ത്രി
Tuesday, September 19, 2023 11:45 PM IST
കൊച്ചി: നിയമവിരുദ്ധമായി പ്രവർത്തിച്ച 26 വായ്പാ ആപ്പുകൾ നിരോധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കൂടുതലും ചൈനീസ് ആപ്പുകളാണ് തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ വായ്പാ ആപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ ഹൈബി ഈഡൻ എംപിയോടാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽനിന്നു പ്രവർത്തിക്കുന്ന അപ്പുകൾക്കെതിരേ അറസ്റ്റ് അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയതായും എംപി പറഞ്ഞു.
കടമക്കുടിയിൽ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നിയമലംഘനം നടത്തുന്ന പണമിടപാട് ആപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരേ കർശനമായ ശിക്ഷകളും പിഴകളും നിയമ നടപടികളും നടപ്പാക്കണം. ആവശ്യമെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഹൈബി ഈഡൻ എംപി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.