ഇടിക്കൂട്ടിൽ മരണമണി
Thursday, October 17, 2019 11:49 PM IST
ഷിക്കാഗോ: പ്രഫഷണൽ ബോക്സിംഗ് റിംഗിൽ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ വീണ്ടും മരണമണി മുഴക്കം. യുഎസ്ബിഎ സൂപ്പർ വെൽറ്റർവെയ്റ്റ് ബോക്സിംഗിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ അമേരിക്കൻ താരം പാട്രിക് ഡേ (27) ഇന്നലെ ഷിക്കാഗോയിലെ നോർത്ത് വെസ്റ്റേണ്‍ മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു.
അമേരിക്കയുടെ ചാൾസ് ആൽബർട്ട് കോണ്വെല്ലുമായുള്ള മത്സരത്തിനിടെയാണ് പാട്രിക് ഡേ ഇടിയേറ്റ് വീണത്. പത്താം റൗണ്ടിൽ നോക്ക് ഒൗട്ട് ആയ പാട്രിക് ഡേയുടെ തലച്ചോറിനു ഗുരുതരമായ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി റിംഗിൽ വീണ പാട്രിക്ക്, കോമ സ്റ്റേജിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ബ്രെയിൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ജൂണിയർ മിഡിൽ വെയ്റ്റ് താരത്തെ രക്ഷപ്പെടുത്താനായില്ല.
2013ലാണ് പാട്രിക് ഡേ പ്രഫഷണൽ ബോക്സിംഗ് രംഗത്ത് എത്തിയത്. 2017ൽ ഡബ്ല്യുബിസി (വേൾഡ് ബോക്സിംഗ് കൗണ്‍സിൽ) കോണ്ടിനെന്റൽ അമേരിക്കൻസ് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. 2019ൽ ഐബിഎഫ് (ഇന്റർനാഷണൽ ബോക്സിംഗ് ഫെഡറേഷൻ) ഇന്റർകോണ്ടിനെന്റൽ ചാന്പ്യൻഷിപ്പും നേടിയതോടെ ജൂണിൽ ഡബ്ല്യുബിസിയിലും ഐബിഎഫിലും ആദ്യ പത്ത് റാങ്കിനുള്ളിൽ എത്തുന്ന താരമായി.
ഡാഡഷേവും സാന്റില്ലനും
റഷ്യയുടെ ഇരുപത്തെട്ടുകാരനായ മാക്സിം ഡാഡഷേവ് ജൂലൈയിൽ നടന്ന ബോക്സിംഗ് പോരാട്ടത്തിനിടെയേറ്റ പരിക്കിനെത്തുടർന്ന് അന്തരിച്ചിരുന്നു. തലച്ചോറിനേറ്റ പരിക്കായിരുന്നു മരണ കാരണം. നാല് ദിവത്തെ ഇടവേളയിൽ അർജന്റീനയുടെ ഇരുപത്തിമൂന്നുകാരനായ ഹ്യൂഗോ സാന്റില്ലനും ബോക്സിംഗ് റിംഗിലെ ഇടിയുടെ ആഘാതത്തിൽ മരണപ്പെട്ടു. ഇടിയേറ്റ് വൃക്ക തകരാറിലായ സാന്റില്ലന് ഹൃദയാഘാതവും ഉണ്ടായതാണ് മരണ കാരണം.
ഒന്നും മനപ്പൂർവമല്ല: കോണ്വെൽ
പാട്രിക് ഡേയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ എതിരാളിയായ ചാൾസ് കോണ്വെൽ ട്വിറ്ററിലൂടെ വൈകാരികമായി പ്രതികരിച്ചിരുന്നു.
പ്രിയപ്പെട്ട പാട്രിക് ഡേ,
ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയോ മനപ്പൂർവമോ ഒന്നും ചെയ്തതല്ല. ജയിക്കുക എന്നതുമാത്രമായിരുന്നു ചിന്തിച്ചത്. എന്റെ കുടുംബവും സുഹൃത്തുക്കളുംപോലും എന്തായിരിക്കും ചിന്തിക്കുക എന്ന് അറിഞ്ഞുകൂടാ. ബോക്സിംഗ് ഉപേക്ഷിക്കാൻപോലും ഞാൻ ചിന്തിക്കുന്നു. എന്നാൽ, പോരാളിയായ താങ്കൾക്ക് ഒരു ലോക കിരീടം നേടി സമർപ്പിക്കുകയാണ് വേണ്ടതെന്ന് എനിക്കറിയാം. ഞാൻ പോകുന്നിടത്തെല്ലാം നിങ്ങളെയാണ് ഞാൻ കാണുന്നതും കേൾക്കുന്നതും- എന്നിങ്ങനെ തുടരുന്നതായിരുന്നു കോണ്വെല്ലിന്റെ ട്വീറ്റ്.
പ്രഫണൽ, അമച്വർ ബോക്സിംഗ്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായിക ഇനങ്ങളിലൊന്നാണ് സുമേറിയൻ നാഗരികതയുടെ ഭാഗമായി ഉടലെടുത്ത ബോക്സിംഗ്. നിലവിൽ പ്രഫഷണൽ, അമച്വർ എന്നിങ്ങനെ രണ്ട് രീതിയിലാണ് ബോക്സിംഗ് മത്സരങ്ങൾ അരങ്ങേറുന്നത്.
അമച്വർ ബോക്സിംഗ് ആണ് ഒളിന്പിക്സിലും കോമണ്‍വെൽത്ത് ഗെയിംസിലും ഉള്ളത്. തലയ്ക്ക് പരിക്കേൽക്കാത്ത രീതിയിൽ ഹെഡ്ഗിയറും എതിരാളിയുടെ ശരീരഭാഗങ്ങളിൽ കടുത്ത പ്രഹരം ഏൽക്കാതിരിക്കാൻ കൈയിൽ ഗ്ലൗസും ധരിച്ചാണ് അമച്വർ ബോക്സർമാർ എത്തുന്നത്. പോയിന്റ് അടിസ്ഥാനത്തിൽ മൂന്ന് മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ടാണുള്ളത്. 1904 ഒളിന്പിക്സിലാണ് ബോക്സിംഗ് ആദ്യമായി ഉൾപ്പെട്ടത്.
പ്രഫഷണൽ ബോക്സിംഗിൽ ഹെഡ്ഗിയർ ഇല്ല, ഗ്ലൗസിന്റെ വലുപ്പത്തിലും കാഠിന്യത്തിലും വ്യത്യാസമുണ്ട്. 10 മുതൽ 15വരെ റൗണ്ടുകളാണ് മത്സരത്തിലുള്ളത്. മുഹമ്മദ് അലിയാണ് ഇതിഹാസ പ്രഫഷണൽ ബോക്സർ. ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവായ വിജേന്ദർ സിംഗ് 2015 മുതൽ പ്രഫണൽ ബോക്സിംഗ് റിംഗിൽ എത്തിയിട്ടുണ്ട്.