നാഗേഷ് ട്രോഫി ട്വന്റി 20: കേരളത്തിനു ജയം
Thursday, November 21, 2019 11:25 PM IST
കൊച്ചി: കാഴ്ചപരിമിതരുടെ ഇൻഡസ് ഇൻഡ് ബാങ്ക് നാഗേഷ് ട്രോഫി ടി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കേരളത്തിന് ഏഴുവിക്കറ്റ് വിജയം. കൊച്ചി കളമശേരി സെന്റ് പോൾസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളം 17 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 130 റണ്‍സെടുത്തു. കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ അബ്ദുൽ മുനാസ് 38 റണ്‍സ് നേടി. ആദ്യം ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സാണു നേടിയത്.
ഇന്നു രാവിലെ 9.30ന് നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. നാളെ കേരളം-ആന്ധ്ര മത്സരത്തോടുകൂടി കൊച്ചിയിലെ മത്സരങ്ങൾ അവസാനിക്കും. കേരളത്തിന്റെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ ഡിസംബർ 10നും 11നും ചെന്നൈയിൽ നടക്കും. കേരള രഞ്ജി ക്രിക്കറ്റ് താരം സച്ചിൻ ബേബിയാണ് മത്സരം ഉദ്ഘാടനം ചെയ്തത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ആണ് കേരള ടീമിനെ സ്പോണ്സർ ചെയ്യുന്നത്.