“ഞാനൊന്ന് ഡൈവ് ചെയ്തിരുന്നെങ്കില്‍”: ലോകകപ്പിലെ റണ്ണൗട്ടിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ധോണി
Monday, January 13, 2020 12:22 AM IST
മുംബൈ: 2019 ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ചൊരു വര്‍ഷമായിരുന്നു. എന്നാല്‍ വളരെ പ്രതീക്ഷയോടെ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് സെമി ഫൈനല്‍ വരെ എത്താനേ സാധിച്ചുള്ളൂ. സെമിയില്‍ ഇന്ത്യ 18 റണ്‍സിന് ന്യൂസിലന്‍ഡിനോടു തോറ്റു.
ആറിന് 92 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ നാണംകെട്ട തോല്‍വിയെ അഭിമുഖീകരിക്കുമ്പോള്‍ രവീന്ദ്ര ജഡേജ - എം.എസ്. ധോണി സഖ്യം പ്രതീക്ഷ നല്കി. എന്നാല്‍ 49ാം ഓവറിലെ മൂന്നാം പന്തില്‍ ധോണി റണ്ണൗട്ടായതോടെ ഇന്ത്യ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങി.
ആ മത്സരത്തിനു ശേഷം ധോണി ഇതുവരെ ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല. അന്നത്തെ ആ റണ്ണൗട്ടിനെ കുറിച്ച് പ്രതികരിച്ചുമില്ല. ഇപ്പോഴിതാ ആ റണ്ണൗട്ടിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധോണി. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ധോണിയുടെ പ്രതികരണം.
“എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടാകുകയായിരുന്നു. ഈ മത്സരത്തില്‍ വീണ്ടും ഞാന്‍ റണ്ണൗട്ടായി. ഞാനെന്നോടുതന്നെ ചോദിക്കാറുണ്ട്, എന്തുകൊണ്ട് ഞാനന്ന് ഡൈവ് ചെയ്തില്ലെന്ന്. ആ രണ്ട് ഇഞ്ച്, ഞാന്‍ ഇപ്പോഴും എന്നോട് പറയാറുണ്ട്, ഞാനന്ന് ഡൈവ് ചെയ്യേണ്ടിയിരുന്നു’’’’, ധോണി പറഞ്ഞു.
വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോണിയെ വെല്ലാന്‍ അധികം താരങ്ങളില്ല. ഇതില്‍ വേഗതയേറിയ കളിക്കാരില്‍ ഒരാളാണ് ധോണി.
എന്നാല്‍ 49-ാം ഓവറിലെ മൂന്നാം പന്തില്‍ മാര്ട്ടിന് ഗപ്റ്റിലിന്റെ ത്രോ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ ധോണിയുടെ ബാറ്റിന്റെ അറ്റവും ക്രീസും തമ്മില്‍ രണ്ട് ഇഞ്ചിന്റെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ധോണി പുറത്തായതോടെ അതുവരെ വിജയപ്രതീക്ഷയിലായിരുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ തകര്‍ന്നു.
മുന്‍നിര തകര്‍ന്ന് നാണംകെട്ട തോല്‍വി മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്നാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിന് പുതുജീവന്‍ നല്‍കിയത്. 240 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് അഞ്ച് റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ആറു വിക്കറ്റിന് 92 എന്ന നിലയില്‍ തകര്‍ന്നതോടെ ഇന്ത്യ തോല്‍വി ഉറപ്പാക്കിയെങ്കിലും ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി ധോണിയും ജഡേജയും പ്രതീക്ഷ കാത്തു. ഇരുവരും അര്‍ധസെഞ്ചുറിയും കുറിച്ചു. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 116 റണ്‍സാണ് ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തത്.
അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 31 റണ്‍സായിരുന്നു. ജഡേജ 77 റണ്‍സുമായി മുന്‍പേ മടങ്ങിയെങ്കിലും ക്രീസിലുള്ള ധോണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 49–ാം ഓവര്‍ ബോള്‍ ചെയ്ത ലോക്കി ഫെര്‍ഗൂസനെതിരെ ധോണി സിക്സോടെയാണ് തുടങ്ങിയത്. ഇതോടെ ധോണി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ടാം പന്തില്‍ റണ്ണെടുക്കാനാകാതെ പോയ ധോണി, മൂന്നാം പന്തില്‍ ഡബിള്‍ നേടാനുള്ള ശ്രമത്തിലാണ് റണ്ണൗട്ടായത്. മാര്ട്ടിന് ഗപ്ടിലിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ ക്രീസിന് ഇഞ്ചുകള്‍ക്കു മാത്രം പുറത്തായിരുന്നു ധോണി. ഇതിനു പിന്നാലെ അഞ്ചു റണ്‍സിനുള്ളില്‍ ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ മടക്കി ന്യൂസിലന്‍ഡ് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.