ഛേത്രി, മെസി കൊറോണയ്ക്ക് എതിരേ
Tuesday, March 24, 2020 11:43 PM IST
സൂറിച്ച്/ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ സന്ദേശം ലോകത്തെ അറിയിക്കാനായി അർജന്റൈൻ സൂപ്പർ ഫുട്ബോൾ താരം ലയണൽ മെസിയും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും. ഫിഫയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) കൈകോർക്കുന്ന “പാസ് ദ മെസേജ് ടു കിക്കൗട്ട് കൊറോണവൈറസ്’’ എന്ന കാന്പയിനിംഗിലാണ് മെസിയും ഛേത്രിയുമടക്കം 28 ഫുട്ബോൾ താരങ്ങൾ അണിനിരന്നത്.
ലോകാരോഗ്യസംഘടന കൊറോണ വൈറസിനെതിരേ നല്‍കിയിരിക്കുന്ന മുൻകരുതലുകളായ കൈകഴുകുക, ചുമയ്ക്കുന്പോൾ മുഖം ടൗവൽ ഉപയോഗിച്ച് പൊത്തിപ്പിടിക്കുകയോ കൈമടക്ക് ഉപയോഗിക്കുകയോ ചെയ്യുക, മുഖത്ത് കൈകൊണ്ട് സ്പർശിക്കാതിരിക്കുക, ആളുകളുമായി ആരോഗ്യകരമായ അകലം പാലിക്കുക, അനാരോഗ്യകരമായ ലക്ഷണങ്ങളുണ്ടെങ്കിൽ മറ്റുള്ളവരിൽനിന്ന് അകന്ന് വീട്ടിൽ ഇരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഫിഫ പങ്കുവച്ച വീഡിയോയിൽ ഇവർ നല്‍കുന്നത്.
സ്പാനിഷ് താരങ്ങളായിരുന്ന ഐക്കർ കസിയസ്, കാർലോസ് പുയോൾ, സാവി ഹെർണാണ്ടസ്, ജർമൻ മുൻ താരം ഫിലിപ്പ് ലാം തുടങ്ങിയ 28 പേരാണ് ഫിഫയുടെ വീഡിയോയിലുള്ളത്. 13 ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയത്. ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്പോണ്‍സ് ഫണ്ടിലേക്ക് ഫിഫ 76.20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.