വാങ്കഡെ ക്വാറന്റൈൻ കേന്ദ്രമാക്കും
Saturday, May 16, 2020 10:58 PM IST
മുംബൈ: ഇരുപത്തെട്ടു വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ 2011 ഏകദിന ലോകകപ്പ് സ്വന്തമാക്കിയ വേദിയായ മുംബൈ വാങ്കഡെ സ്റ്റേഡിയം കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ കേന്ദ്രമാക്കുന്നു.
വാങ്കഡെ സ്റ്റേഡിയം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി), മുംബൈ ക്രിക്കറ്റ് അസോസിയേഷനു (എംസിഎ) കത്ത് നൽകി. സ്റ്റേഡിയത്തിലെ മുറികൾ, ഗർവാറെ ക്ലബ് തുടങ്ങിയവയെല്ലാം വിട്ടുനൽകണമെന്നാണ് നിർദേശം. സ്റ്റേഡിയത്തിലെ മുറി സൗകര്യങ്ങൾ മാത്രമാണോ ഗ്രൗണ്ട് ഉൾപ്പെടെയാണോ ബിഎംസി ആവശ്യപ്പെട്ടിരിക്കുന്നതെന്നത് വ്യക്തമല്ല. കെട്ടിടങ്ങളെല്ലാം താത്കാലികമായാണ് ഏറ്റെടുക്കുന്നതെന്നും സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പണം പിന്നീടു നൽകുമെന്നും കോർപറേഷൻ വ്യക്തമാക്കി.
ബിസിസിഐ ആസ്ഥാനം, എംസിഎ ലോഞ്ച്, ഗർവാറെ ക്ലബ് ഹൗസ് എന്നിവയും സ്റ്റേഡിയത്തിനോട് ചേർന്നാണുള്ളത്. ഗർവാറെ ക്ലബ് ഹൗസിൽ 50 റൂമുകളും ഹാളുകളുമുണ്ട്, എംസിഎ ലോഞ്ചിൽ 400-500 ബെഡ് ഇടാനുള്ള സൗകര്യവും.