കറുപ്പിനൊപ്പം ഹാർദിക്
Tuesday, October 27, 2020 12:37 AM IST
രാജസ്ഥാനെതിരായ ഐപിഎൽ പോരാട്ടത്തിൽ മുംബൈയുടെ സൂപ്പർ താരമായത് ഹാർദിക് പാണ്ഡ്യയായിരുന്നു. ബാറ്റുകൊണ്ട് കൊടുങ്കാറ്റുയർത്തിയ ഹാർദിക്, കറുത്ത വർഗക്കാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കിയും ശ്രദ്ധേയനായി.
മത്സരത്തിൽ ഹാർദിക് 21 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറും അടക്കം 60 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാർദിക്കിന്റെ ആ ഇന്നിംഗ്സ് ആണ് മുംബൈയെ 20 ഓവറിൽ അഞ്ചിന് 195ൽ എത്തിച്ചത്. അർധസെഞ്ചുറി നേടിയശേഷം ഹാർദിക് ഒരു കാലിൽ മുട്ടുകുത്തിനിന്ന് വലംകൈ ഉയർത്തി ബ്ലാക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിന്റെ ഭാഗമായി.
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരേ നടന്ന പോലീസ് കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ബ്ലാക് ലൈവ്സ് മാറ്റർ (ബിഎൽഎം) പ്രതിഷേധം ആരംഭിച്ചത്. യുഎസ് ഓപ്പണ്‍ ടെന്നീസ്, ഇംഗ്ലണ്ട് x വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങിയിടങ്ങളിലെല്ലാം ബിഎൽഎം അരങ്ങേറിയിരുന്നു.