മാറഡോണയ്ക്കു ഗോൾ സമർപ്പിച്ച് മെസി
Monday, November 30, 2020 12:16 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒസാസുനയ്ക്കെതിരേ ബാഴ്സലോണയ്ക്ക് 4-0ന്റെ ഏകപക്ഷീയ ജയം. മത്സരത്തിൽ ഗോൾ നേടിയ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി, കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസതാരമായ ഡിയേഗോ മാറഡോണയ്ക്ക് തന്റെ ഗോൾ സമർപ്പിച്ചു. 73-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. സീസണിൽ മെസിയുടെ രണ്ടാമത്തെ മാത്രം ഫീൽഡ് ഗോളായിരുന്നു അത്. ബ്രെയ്ത് വൈറ്റ് (29-ാം മിനിറ്റ്), ആൻത്വാൻ ഗ്രീസ്മാൻ (42), ഫിലിപ്പെ കുടീഞ്ഞോ (57) എന്നിവരും ബാഴ്സയ്ക്കായി വലകുലുക്കി.

അതേസമയം, റയൽ മാഡ്രിഡ് ഹോം മത്സരത്തിൽ 2-1ന് ആൽവസിനോട് പരാജയപ്പെട്ടു. മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ എന്നിവ ജയം നേടി. റയൽ സോസിഡാഡ് (23), അത്ലറ്റിക്കോ (23) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. റയൽ (17) നാലാമതും ബാഴ്സ (14) ഏഴാമതുമാണ്.