പന്ത് ഇന്ത്യൻ ടി20 ടീമിലെ അവിഭാജ്യ ഘടകമല്ലെന്നു വസീം ജാഫർ
Friday, June 17, 2022 11:39 PM IST
ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിൽ ഋഷഭ് പന്തിന്റെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ടെസ്റ്റിലെ മികവ് നിശ്ചിത ഓവർ ഫോർമാറ്റിൽ ആവർത്തിക്കാൻ പന്തിനായിട്ടില്ലെന്നു പറഞ്ഞ ജാഫർ, ഇനി ഇന്ത്യൻ ട്വന്റി 20 ടീമിന്റെ മുന്നോട്ടുള്ള യാത്രയിൽ പന്ത് ഒരു അവിഭാജ്യ ഘടകമല്ലെന്നും കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരന്പരയിൽ പന്തിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന കെ.എൽ. രാഹുലിനു പരിക്കേറ്റതോടെയാണു പന്ത് നായകനായത്. കെ.എൽ. രാഹുൽ തിരിച്ചെത്തുന്പോൾ പന്തിനു ടീമിലെ സ്ഥാനം നിലനിർത്താൻ കഴിഞ്ഞേക്കില്ലെന്നും ജാഫർ പറഞ്ഞു.
നിങ്ങൾക്കിപ്പോൾ കെ.എൽ. രാഹുലുണ്ട്. അദ്ദേഹം വിക്കറ്റ് കീപ്പറാണ്. ടീമിൽ സ്ഥാനമുറപ്പുള്ള ദിനേഷ് കാർത്തിക്കും വിക്കറ്റ് കീപ്പർതന്നെ. രാഹുൽ തിരിച്ചെത്തുന്പോൾ അടുത്ത കാലത്തായി കളിച്ച രീതിയനുസരിച്ച് ഞാനൊരിക്കലും ഋഷഭ് പന്ത് ടീമിലെ അവിഭാജ്യ ഘടകമാണെന്നു പറയില്ല.
പന്ത് ഇനിയും റണ്സ് സ്കോർ ചെയ്യേണ്ടതുണ്ട്. അതും സ്ഥിരതയോടെ. അദ്ദേഹം അങ്ങനെ ഐപിഎല്ലിലും ചെയ്തിട്ടില്ല. അന്താരാഷ് ട്ര ട്വന്റി 20 മത്സരങ്ങളിലും സ്ഥിരത കാണിച്ചിട്ടില്ല. ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, ടെസ്റ്റിലും ഏതാനും ഏകദിനങ്ങളിലും കളിച്ചപോലൊരു ഇന്നിംഗ്സ് പന്ത് ട്വന്റി 20യിൽ കളിച്ചിട്ടില്ല. അതിനാൽത്തന്നെ ഇന്ത്യൻ ട്വന്റി 20 ടീമിന്റെ മുന്നോട്ടുള്ള പോക്കിൽ പന്ത് ഒരു അനിവാര്യതയാണെന്നു ഞാൻ പറയില്ല.’’ ഇസ്പിഎൻ ക്രിക്ഇൻഫോയ്ക്കു നൽകിയ അഭിമുഖത്തിലാണ് ജാഫർ ഇക്കാര്യം വ്യക്തമാക്കിയത്.